സന്നിധാനത്ത് നെയ്യിനും ശർക്കരയ്ക്കും ക്ഷാമം; അരവണ നിർമാണത്തെ ബാധിക്കുമെന്ന് ആശങ്ക

ശബരിമല സന്നിധാനത്ത് നെയ്യിനും ശർക്കരയ്ക്കും ക്ഷാമം നേരിടുന്നത് അപ്പം, അരവണ നിർമാണത്തെ ബാധിക്കുമെന്ന് ആശങ്ക. ടെണ്ടർ ഏറ്റെടുത്ത കമ്പനിക്ക് ശർക്കര നൽകാൻ കഴിയാഞ്ഞതും, തീർത്ഥാടകർ കൊണ്ടുവരുന്ന നെയ്യ് തികയാതെ വരുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. ക്ഷാമം മറികടക്കാൻ പുറത്ത് നിന്ന് ശർക്കരയും നെയ്യും വാങ്ങാനുള്ള തീരുമാനത്തിലാണ് ദേവസ്വം ബോർഡ്.
മണ്ഡലകാലം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ ശബരിമല സന്നിധാനത്ത് വലിയ ഭക്തജനത്തിരക്കാണ്. തീർഥാടകർക്ക് ആവശ്യമായ അപ്പവും അരവണയും സ്‌റ്റോക്കുള്ളതായി ദേവസ്വം ബോർഡ് പറയുമ്പോഴും, ശർക്കരയ്ക്കും നെയ്യ്ക്കും ക്ഷാമം നേരിടുന്നതിൽ ആശങ്കയുണ്ട്. ശർക്കര നൽകാനുള്ള ടെൻഡർ മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിക്കാണ്. എന്നാൽ, മഴ മൂലം ഉത്പാദനം തടസപ്പെട്ടതോടെ വിതരണം നിലച്ചു. പ്രതിസന്ധി മറികടക്കാൻ അഞ്ച് ലക്ഷം കിലോ ശർക്കര പുറത്തുനിന്ന് വാങ്ങാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ടെൻഡർ ഇല്ലാതെ വാങ്ങുന്നതിനാൽ കൂടുതൽ പണം നൽകേണ്ടിവരും. ശർക്കരയെക്കാൾ ക്ഷാമം നെയ്ക്കാണ്.
പ്രതിസന്ധി മറികടക്കാൻ മാർക്കറ്റ്‌ഫെഡിൽ നിന്ന് നെയ്യ് വാങ്ങാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ഇതിനുള്ള ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here