വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ച സംഭവം; ബാർ കൗൺസിൽ ഭാരവാഹികൾ ഇന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തും

വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ച സംഭവത്തിൽ ബാർ കൗൺസിൽ ഭാരവാഹികൾ ഇന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തും. മജിസ്‌ട്രേറ്റ് നിലപാട് തിരുത്താൻ ഇടപെടണമെന്നാണ് ബാർ കൗൺസിലിന്റെ ആവശ്യം.
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിൽ ചീഫ് ജസ്റ്റിസ് ഇടപെടണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. മജിസ്‌ട്രേറ്റിനെ തിരുത്താൻ ജുഡീഷ്യറി തയാറാകണമെന്നും മജിസ്‌ട്രേറ്റിന്റേത് അപക്വമായ പെരുമാറ്റമാണെന്നും ബാർ കൗൺസിൽ കുറ്റപ്പെടുത്തുന്നു. അഭിഭാഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്നും ബാർ കൗൺസിൽ അംഗങ്ങൾ ഹൈക്കോടതി ചീഫ് ജസ്റ്റിനോട് ആവശ്യപ്പെടും. വഞ്ചിയൂർ സംഭവത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്നും സിറ്റിംഗ് ജഡ്ജിയും ബാർ കൗൺസിൽ ചെയർമാനും ഉൾപ്പെട്ട സമിതി അന്വേഷിക്കണമെന്നും ബാർ കൗൺസിൽ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, മജിസ്‌ട്രേറ്റിനെ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ജഡ്ജിമാരുടെ സംഘടന ഹൈക്കോടതിയിൽ കത്ത് നൽകിയിട്ടുണ്ട്. സംഭവത്തിൽ സ്വമേധയാ കേസ് എടുക്കാനുള്ള നടപടികളുമായി ഹൈക്കോടതി മുന്നോട്ട് പോകുകയും ചെയ്തിരുന്നു. ഇതോടെയാണ് ബാർ കൗൺസിൽ അംഗങ്ങൾ ഹൈക്കോടതി ചീഫ് ജസ്റ്റിനെ നേരിൽ കാണാനെത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here