11ആം വയസ്സിൽ അമ്മ മരിച്ചു; പിന്നീട് ഒപ്പമുണ്ടായിരുന്നത് അച്ഛനും സഹോദരിമാരും; ഇന്ത്യയുടെ അണ്ടർ 19 നായകനെ അറിയാം

അണ്ടർ 19 ലോകകപ്പിൽ നിലവിലെ ജേതാക്കളാണ് ഇന്ത്യ. പൃഥ്വി ഷായുടെ കീഴിലാണ് ഇന്ത്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. വരുന്ന അണ്ടർ 19 ലോകകപ്പ് നടക്കുന്നത് അടുത്ത വർഷം ദക്ഷിണാഫ്രിക്കയിലാണ്. ഉത്തർപ്രദേശ് സ്വദേശിയായ പ്രിയം ഗാർഗാണ് ഇത്തവണ ഇന്ത്യയെ നയിക്കുന്നത്. മികച്ച ബാറ്റ്സ്മാനായ പ്രിയം അടുത്ത വർഷം ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.
പതിനൊന്നാം വയസ്സിൽ പ്രിയത്തിൻ്റെ അമ്മ മരിച്ചു. പിന്നീടിങ്ങോട്ട് അച്ഛനും സഹോദരിമാരുമായിരുന്നു അവൻ്റെ ശക്തി. അഞ്ച് സഹോദരിമാരാണ് പ്രിയത്തിനുള്ളത്. അന്ന് അമ്മയുടെ അഭാവം മനസ്സിലായില്ലെങ്കിലും കാലക്രമേണ അവൻ അമ്മയെ മിസ് ചെയ്യാൻ തുടങ്ങി. എങ്കിലും അവനു വേണ്ടി അച്ഛൻ ഏറെ കഷ്ടപ്പെട്ടു. ആദ്യ കാലങ്ങളിൽ പ്രിയത്തെ അച്ഛൻ ഒറ്റക്ക് പരിശീലനത്തിനു പോലും അയച്ചിരുന്നില്ല.
അച്ഛൻ ചെയ്യാത്ത ജോലികളില്ല. പാല് വിറ്റും സ്കൂള്‍ വാനില്‍ ഡ്രൈവറായി ജോലി ചെയ്തും ചുമട്ടു ജോലി ചെയ്തുമെല്ലാമാണ് അദ്ദേഹം തൻ്റെ മക്കളെ വളർത്തിയത്. പ്രിയം ഒരു ക്രിക്കറ്റ് താരമാവണമെന്ന കടുത്ത ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു.
സച്ചിൻ തെണ്ടുൽക്കറാണ് ഇഷ്ട താരം. വീട്ടിൽ ടിവി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ടുത്തുള്ള ഒരു ഷോറൂമില്‍ പോയാണ് അവൻ കളി കണ്ടിരുന്നത്. സച്ചിൻ തെണ്ടുൽക്കറാണ് ഒരു ക്രിക്കറ്റ് താരമാവാനുള്ള അവൻ്റെ പ്രചോദനം.
ഉത്തര്‍ പ്രദേശിന്റെ അണ്ടര്‍ 14, 16, 19 ടീമുകള്‍ക്കു വേണ്ടി പ്രിയം കളിച്ചിട്ടുണ്ട്. 2018-19ലെ രഞ്ജി ട്രോഫിയിലായിരുന്നു ആഭ്യന്തര ക്രിക്കറ്റിൽ താരത്തിന്റെ അരങ്ങേറ്റം. ഗോവക്കെതിരായ കന്നി മത്സരത്തിൽ സെഞ്ചുറി നേടിയ താരം ടൂർണമെൻ്റിൽ ആകെ 800 റൺസിനു മുകളിൽ സ്കോർ ചെയ്തു. തുടർന്ന് ഇക്കൊല്ലം വിജയ് ഹസാരെ ട്രോഫിയിലും പ്രിയം ഉത്തർപ്രദേശിനായി കളിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here