യൂണിവേഴ്‌സിറ്റി കോളജ് ആക്രമണം; 5 പേർക്കെതിരെ കേസെടുത്തു

യൂണിവേഴ്‌സിറ്റി കോളജിൽ ഇന്നലെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രിൻസിപ്പലിന്റെ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.
ഇന്നലെ വൈകീട്ടോടെയാണ് യൂണിവേഴ്‌സിറ്റി കോളജിൽ ആക്രമണം ഉണ്ടാകുന്നത്. സംഘമായെത്തിയ വിദ്യാർത്ഥികൾ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലെ കമ്പ്യൂട്ടർ ലാബിന്റെ നാല് ജനൽ ചില്ലുകൾ അടിച്ചുതകർത്തു. പിന്നാലെ ഡിപ്പാർട്ട്‌മെന്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഗണിതവിഭാഗം മേധാവിയും അച്ചടക്കസമിതി അംഗവുമായ ബാബുവിന്റെ ബൈക്ക് തല്ലിതകർത്തു. അധ്യാപകർ നോക്കി നിൽക്കുമ്പോഴായിരുന്നു അക്രമം. കോളജിന് മുന്നിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ കോളജിൽ ക്ലാസുകൾ ഉണ്ടായിരുന്നില്ല. ഡിഗ്രി ഒന്നാം സെമസ്റ്റർ പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികളെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചു മാത്രം പ്രവേശിപ്പിച്ചാൽ മതിയെന്നും പ്രിൻസിപ്പൽ നിർദേശിച്ചിരുന്നു. എന്നാൽ, ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നാണു വിവരം.
സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മേധാവിയായ സോമശഖരൻ പിള്ളയാണ് കോളജിലെ അച്ചടക്കസമിതിയുടെ തലവൻ. കഴിഞ്ഞ ദിവസം കോളജിൽ നടന്ന സംഘർഷങ്ങളെക്കുറിച്ച് വിദ്യാഭ്യാസ ഡയറക്ടർ വിശദീകരണം തേടിയതിന്റെ അടിസ്ഥാനത്തിൽ അച്ചടക്കസമിതിയിൽ നിന്നും പ്രിൻസിപ്പൽ റിപ്പോർട്ട് ചോദിച്ചിരുന്നു. എസ്എഫ്‌ഐയ്ക്ക് എതിരായ റിപ്പോർട്ടാണ് അച്ചടക്കസമിതി നൽകിയത്. കൂടാതെ കോളജിലെ യൂണിയൻ റൂം അടുത്തിടെ പിടിച്ചെടുത്ത് നവീകരിച്ച് സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിന് നൽകുയും ചെയ്തിരുന്നു. ഇതൊക്കെയാകാം പ്രകോപന കാരണമെന്നാണ് ആരോപണം.
Story highlights – University College, attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here