‘ഞങ്ങൾ കഴിയുന്നത്ര നന്നായി പ്രവർത്തിച്ചിട്ടുണ്ട്; ലോകകപ്പിനു മുൻപ് ഇറങ്ങേണ്ടി വന്നതിൽ നിരാശയുണ്ട്’: എംഎസ്കെ പ്രസാദ്

കഴിയുന്നത്ര നന്നായി സെലക്ഷൻ കമ്മറ്റിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് മുൻ മുഖ്യ സെലക്ടർ എംഎസ്കെ പ്രസാദ്. ടി-20 ലോകകപ്പിനു മുൻപ് ഇറങ്ങേണ്ടി വന്നതിൽ നിരാശയുണ്ടെന്നും പകരക്കാരുടെ ശക്തമായ നിരയെ തന്നെ സജ്ജമാക്കാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടാണ് അദ്ദേഹം പ്രതികരിച്ചത്.
“ടി-20 ലോകകപ്പ് ഏതാനും മാസങ്ങൾ മാത്രം അകലെ നിൽക്കെ പടിയിറങ്ങേണ്ടി വരുന്നതിൽ യാതൊരു നിരാശയുമില്ല. എല്ലാറ്റിനും അതിന്റേതായ സമയമുണ്ട്. നിങ്ങൾക്കു ലഭിക്കുന്ന സമയത്ത് ഏറ്റവും മികച്ച സേവനം ഉറപ്പാക്കുകയാണ് വേണ്ടത്. അത് ഞങ്ങൾ ചെയ്തിട്ടുണ്ട്”- എംഎസ്കെ പ്രസാദ് പറഞ്ഞു.
വെസ്റ്റ് ഇൻഡീസിനെതിരായ ടീം പ്രഖ്യാപനമാണ് എംഎസ്കെ പ്രസാദിനു കീഴിലുള്ള സെലക്ഷൻ കമ്മറ്റി അവസാനമായി നടത്തിയത്. ഇനിയങ്ങോട്ട് സെലക്ഷൻ കമ്മറ്റിയിൽ പരിചയ സമ്പന്നരായ താരങ്ങളെ മാത്രമേ ഉൾപ്പെടുത്തൂ എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. ലോകകപ്പ് ടീമിൽ നാലാം നമ്പർ താരത്തെ കണ്ടെത്താൻ കഴിയാത്തതും ഋഷഭ് പന്തിന് തുടർച്ചയായി അവസരങ്ങൾ നൽകുന്നതും എംഎസ്കെ പ്രസാദിനു കീഴിലുള്ള സെലക്ഷൻ കമ്മറ്റിക്കെതിരെ ഉയർന്ന ആരോപണങ്ങളായിരുന്നു. അതൊക്കെ തിരുത്താൻ ബിസിസിഐ തയ്യാറെടുക്കുന്നു എന്നതാണ് പുതിയ വിവരം.
ക്രിക്കറ്റ് ഉപദേശക സമിതിയാണ് സെലക്ഷൻ കമ്മറ്റിയെ നിയമിക്കേണ്ടത്. കപിൽ ദേവിനു കീഴിലുള്ള ക്രിക്കറ്റ് ഉപദേശക സമിതി അടുത്തിടെ സ്ഥാനമൊഴിഞ്ഞിരുന്നു. ഈ സമിതിയെ ഉടൻ തെരഞ്ഞെടുത്ത് അവർ സെലക്ഷൻ കമ്മറ്റിയെ നിയമിക്കും. അടുത്ത വർഷം ജനുവരിയിൽ ശ്രീലങ്കക്കെതിരെ നടക്കുന്ന പരമ്പരക്ക് മുൻപു തന്നെ ഇക്കാര്യത്തിൽ ധാരണയായേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here