വീടുകളിൽ വൈൻ തയ്യാറാക്കുന്നതിന് നിരോധനമില്ല; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് എക്‌സൈസ് മന്ത്രി

വീടുകളിൽ ആൽക്കഹോൾ കണ്ടന്റില്ലാത്ത വൈൻ തയ്യാറാക്കുന്നത് നിരോധിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. എക്‌സൈസ് വകുപ്പിന്റെ സർക്കുലറിൽ ഇക്കാര്യം പരാമർശിക്കുന്നില്ല. പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സർക്കുലർ തെറ്റിദ്ധാരണ പരത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
ആഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ വീഞ്ഞ് തയ്യാറാക്കുന്നത് കുറ്റകരമാണെന്ന് പരാമർശിക്കുന്ന സർക്കുലറാണ് എക്‌സൈസ് പുറത്തിറക്കിയത്. ക്രിസ്തുമസ് പുതുവത്സരാഘോഷം സംബന്ധിച്ച് അഡീഷണൽ എക്‌സൈസ് കമ്മീഷണർ സാം ക്രിസ്റ്റി ഡാനിയേൽ പുറത്തിറക്കിയ സർക്കുലറാണ് തെറ്റിദ്ധാരണ പരത്തിയത്. ഇതോടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.
വീട്ടിലെ ആഘോഷത്തിന് ആൽക്കഹോൾ കണ്ടന്റില്ലാത്ത വൈൻ ഉണ്ടാക്കുന്നത് നിരോധിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി വ്യക്തമാക്കി. ആഘോഷവേളകളിൽ അനധികൃതമായി വൈൻ ഉൽപാദിപ്പിച്ച് വിൽപന നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇക്കാര്യം സർക്കുലറിൽ ഉൾപ്പെടുത്തിയത്. ഇതൊഴിവാക്കുന്നതിനാണ് സർക്കുലറിലെ പൊതുനിർദേശത്തിൽ ഇക്കാര്യം സൂചിപ്പിച്ചത്. സർക്കുലർ പരിശോധിച്ചാൽ ഇത് ബോധ്യപ്പെടുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ മന്ത്രി വ്യക്തമാക്കി. ഇതിനിടെ സർക്കുലറിലെ അവ്യക്തത നീക്കി വിശദീകരണക്കുറിപ്പിറക്കാൻ മന്ത്രി എക്‌സൈസ് കമ്മീഷണർക്ക് നിർദേശം നൽകി.
Story highlights- wine making, t p ramakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here