കോട്ടയത്ത് ജപ്തി ഭീഷണിയെ തുടർന്ന് ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം ഈരാറ്റുപേട്ടയിൽ ജപ്തി ഭീഷണിയെ തുടർന്ന് ഗൃഹനാഥനെ കണ്ടെത്തി. തിടനാട് പൂവത്തോട് കട്ടക്കൽ കോളനിയിൽ തൊട്ടിയിൽ ഷാജിയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മഹീന്ദ്ര റൂറൽ ഫിനാൻസിൽ നിന്നെടുത്ത വായ്പ, കുടിശികയാവുകയും കഴിഞ്ഞ ദിവസം ബാങ്ക് വീട്ടിലെത്തി നോട്ടീസ് പതിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിൽ ജീവനൊടുക്കുകയാണെന്ന് ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
മകളുടെ വിവാഹത്തിനായി ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് ഷാജി മഹീന്ദ്ര റൂറൽ ഹൗസിംഗ് ഫിനാൻസിൽ നിന്ന് വായ്പയെടുത്തത്. തടിപ്പണിക്കാരനായിരുന്ന ഷാജി പലപ്പോഴായി ഭൂരിഭാഗം തുകയും അടച്ചെങ്കിലും, അവസാന നാല് മാസത്തെ അടവ് മുടങ്ങുകയായിരുന്നു. ഇതിന്റെ പലിശ കൂടി ചേർത്ത് 19,500 രൂപ നൽകണമെന്ന് കാട്ടി സ്ഥാപനം അന്ത്യശാസനം നൽകുകയായിരുന്നു. തുക അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് കാട്ടി വെള്ളിയാഴ്ചയാണ് ബാങ്ക് അധികൃതർ നോട്ടീസ് നൽകിയത്.
വായ്പയെടുക്കുന്ന പാവപ്പെട്ടവർക്ക് എതിരെ ഭീഷണി മുഴക്കുന്ന ബാങ്കുകൾക്കെതിരെ നടപടി വേണമെന്ന് പിസി ജോർജ് എംഎൽഎ ആവശ്യപ്പെട്ടു. തിടനാട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here