ബിന്ദു അമ്മിണിയുടെ ഹർജി: വിശാല ബെഞ്ചിനു വിട്ട സാഹചര്യത്തിൽ ശബരിമല വിധി അവസാന വാക്കല്ലല്ലോയെന്ന് ചീഫ് ജെസ്റ്റിസ്

വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തിൽ ശബരിമല യുവതിപ്രവേശന വിധി അവസാന വാക്കല്ലലോയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ. ബിന്ദു അമ്മിണിയുടെ അഭിഭാഷക ഇന്ദിരാ ജയ്സിങ്ങിനോടാണ് ചോദ്യമുന്നയിച്ചത്. ദർശനത്തിന് സൗകര്യമൊരുക്കണമെന്ന ബിന്ദു അമ്മിണിയുടെ ഹർജി അടുത്തയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്‌തമാക്കി.
ബിന്ദു അമ്മിണിയുടെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കേസ് വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തിൽ ശബരിമല യുവതിപ്രവേശന വിധി അവസാന വാക്കല്ലലോയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അഭിഭാഷകയോട് ആരാഞ്ഞു. വിധി സ്റ്റേ ചെയ്തിട്ടില്ലെന്നും വിധിയെ നിരാകരിക്കാൻ കഴിയില്ലെന്നും ഇന്ദിരാ ജയ്സിങ് മറുപടി നൽകി.
ബിന്ദു അമ്മിണിക്ക് ദർശനത്തിന് സൗകര്യമൊരുക്കണം. ബിന്ദു പലതവണ ആക്രമണത്തിനിരയായി. സുരക്ഷ ഒരുക്കാൻ പോലീസ് തയാറല്ലെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി. വാദമുഖങ്ങൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്എ. ബോബ്‌ഡെ, രഹ്‌ന ഫാത്തിമയുടെ ഹർജിക്കൊപ്പം ബിന്ദു അമ്മിണിയുടെ ആവശ്യവും അടുത്തയാഴ്ച പരിഗണിക്കാമെന്ന് വ്യക്‌തമാക്കി. ശബരിമല വിധി നടപ്പാക്കാൻ നിർദേശം നൽകണം, ദർശനം നടത്താൻ ആഗ്രഹിക്കുന്ന യുവതികൾക്ക് സംരക്ഷണം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ബിന്ദു അമ്മിണിയുടെ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.
നേരത്തെ, ബിന്ദു അമ്മിണിക്കെതിരെ കൊച്ചി കമ്മിഷണർ ഓഫീസ് പരിസരത്തുവച്ച് ആക്രമണം ഉണ്ടായിരുന്നു. ശബരിമല സന്ദർശിക്കാനെത്തിയ ഭൂ മാതാവ് ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ചേർന്ന ബിന്ദു അമ്മിണിക്ക് നേരെ ഹിന്ദു ഹെൽപ്പ് ലൈൻ കോർഡിനേറ്റർ ശ്രീനാഥ് പത്മനാഭൻ മുളക് സ്‌പ്രേ ചെയ്യുകയായിരുന്നു.
Story Highlights: Sabarimala, Binsu Ammini
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here