Advertisement

ഉന്നാവ് കൂട്ടബലാത്സംഗം; പെൺകുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

December 5, 2019
Google News 1 minute Read

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയാക്കി കത്തിച്ച പെൺകുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിനിടെ, ശ്രീരാമന് പോലും നൂറ് ശതമാനം സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന ബിജെപി എംഎൽഎയുടെ പരാമർശം വിവാദമായി.

സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഉത്തർപ്രദേശ് ഡിജിപി ഒ പി സിംഗിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധമുയർത്തി. രാജ്യത്ത് സ്ത്രീകൾക്ക് സുരക്ഷയില്ലെന്ന് സമാജ്‌വാദി പാർട്ടി എം.പി ജയാബച്ചൻ പറഞ്ഞു. ഇതിനിടെയാണ് നൂറ് ശതമാനം സുരക്ഷയൊരുക്കാൻ ശ്രീരാമന് പോലും കഴിയില്ലെന്ന് ബിജെപി എംഎൽഎ രാഘവേന്ദ്ര സിംഗ് പ്രതികരിച്ചത്.

ഉന്നാവിൽ ഇന്ന് പുലർച്ചെ നാലു മണിക്കാണ് രാജ്യത്തെ നടുക്കിയ കൊടും ക്രൂരകൃത്യം നടന്നത്.
കഴിഞ്ഞ മാർച്ചിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപത്തിമൂന്നുകാരിയെ ബലാത്സംഗക്കേസിലെ രണ്ട് പ്രതികൾ അടക്കം അഞ്ച് പേർ ചേർന്നാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. റായ്ബറേലിയിലെ കോടതിയിലേക്ക് പോകാൻ പുലർച്ചെ തയാറാകുകയായിരുന്നു യുവതി. കൊടും ക്രൂരത നടത്തിയവരുടെ പേരുകൾ യുവതി തന്നെ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് പൊലീസ് അന്വേഷണം ഊർജിതമാക്കി. ബലാത്സംഗക്കേസിലെ പ്രതി ദിവസങ്ങൾക്ക് മുൻപ് ജാമ്യത്തിൽ ഇറങ്ങിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ യുവതി ലക്‌നൗവിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലാണ്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നാവിൽ ബിജെപി എംഎൽഎ അടക്കമുള്ളവർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മറ്റൊരു സംഭവം വൻവിവാദമായിരുന്നു.

story highlights- yogi adithya nath, unnao, gang rape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here