Advertisement

‘ചെസിന്റെ പുരോഗതിക്കായി ഒന്നും ചെയ്തില്ല’; ഇന്ത്യൻ ചെസ് ഫെഡറേഷനെതിരെ വിമർശനവുമായി ഫിഡെ വൈസ് പ്രസിഡന്റ്

December 7, 2019
Google News 0 minutes Read

ഇന്ത്യൻ ചെസ് ഫെഡറേഷനെതിരെ രൂക്ഷ വിമർശനവുമായി ഫിഡെ വൈസ് പ്രസിഡന്റ് നൈജൽ ഷോർട്ട്. ഇന്ത്യയിലെ ചെസിന്റെ പുരോഗതിക്കായി ഫെഡറേഷനോ സർക്കാരോ ഒന്നും ചെയ്യുന്നില്ലെന്നും, ചെസിനോട് താത്പര്യമില്ലാത്ത ചിലരാണ് ഇപ്പോൾ എഐസിഎഫ് തലപ്പത്ത് ഉള്ളതെന്നും നൈജൽ ഷോർട്ട് തുറന്നടിച്ചു. ചെസിൽ മികച്ച പ്രതിഭകൾ ഉണ്ടെങ്കിലും ഇവർക്ക് വളരാനുള്ള സാഹചര്യം അധികൃതർ ഒരുക്കുന്നിലെന്നും ഷോർട്ട് ട്വന്റിഫോറിനോട് പറഞ്ഞു.

ലോക ചെസ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റും ഇംഗ്ലണ്ടിന്റെ ചെസ് ഇതിഹാസവുമായ ഗ്രാന്റ്മാസ്റ്റർ നൈജൽ ഷോർട്ടിന് ഇന്ത്യയിലെ ചെസ് കളിയുടെ ഭാവിയെക്കുറിച്ച് ആശങ്കകൾ ഏറെയാണ്. മികച്ച പ്രതിഭകളുണ്ടായിട്ടും അവരെ വെളിച്ചത്തിലേക്ക് കൊണ്ടുവരാനോ, കൂടുതൽ മത്സര പരിചയങ്ങൾ ഒരുക്കുവാനോ ആരും ഒന്നും ചെയ്യുന്നില്ല. ചെസ് കളിക്കാരെ പ്രോത്സാഹിപ്പിക്കാത്ത ചിലരാണ് ഓൾ ഇന്ത്യാ ചെസ് ഫെഡറേഷനെ നയിക്കുന്നത്. ഈ സാഹചര്യം മാറണമെന്നും, സ്‌കൂൾ തലത്തിൽ തന്നെ ചെസിന് കരിക്കുലം ഏർപ്പെടുത്തുന്നതടക്കമുള്ള നടപടികളാണ് ഭാവിയിലേക്ക് നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചെസിന്റെ കഴിഞ്ഞകാല പ്രതാപത്തിലാണ് ഇപ്പോഴും ഇവിടുത്തെ ഫെസറേഷൻ വിരാജിക്കുന്നത്. ഭാവിയിലേക്ക് കളിയേയും കളിക്കാരെയും നയിക്കാനുള്ള നടപടികൾ ഉണ്ടാകണം. വിശ്വനാഥൻ ആനന്ദ് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണെന്നും, ആനന്ദിന്റെ വിരമിക്കൽ അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും ഷോർട്ട് വ്യക്തമാക്കി. ചെസ് ടീം ഗെയിമല്ലാത്തതിനാൽ ആനന്ദടക്കമുള്ള സീനിയർ താരങ്ങൾ വിരമിക്കാത്തത് ആരുടെയും അവസര നിഷേധമാകില്ലെന്നും ഷോർട്ട് വ്യക്തമാക്കി.

അതേസമയം ഇന്ത്യസന്ദർശനത്തിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയ നൈജൽ ഷോർട്ടിന്, കുട്ടനാടൻ സൗന്ദര്യത്തെക്കുറിച്ചും, കായൽ യാത്രയെക്കുറിച്ചും പറയാൻ നിരവധിയുണ്ട്. എരിവും പുളിയും നിറഞ്ഞ കേരളവിഭവങ്ങളും, സൗഹൃദ സമ്പന്നരായ കേരളീയരും ഹൃദയത്തിനൊപ്പം ചേർന്നെന്ന് ലോക ചെസിലെ ഈ ഇതിഹാസം പറഞ്ഞ് നിർത്തുമ്പോൾ നിറഞ്ഞ വാക്കിലെ സന്തോഷം മുഖത്തും പ്രകടം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here