കാര്യവട്ടത്ത് ഇന്ത്യക്ക് തോൽവി
ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി 20യിൽ വെസ്റ്റിൻഡീസിന് ജയം. 171 റൺസ് ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ഒമ്പത് പന്ത് ശേഷിക്കെ എട്ടു വിക്കറ്റിന് വിജയം കണ്ടു. ഇതോടെ മൂന്ന് ട്വന്റി-20 അടങ്ങിയ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി.
സിമ്മൺസും എവിൻ ലൂയിസും ചേർന്ന് മികച്ച തുടക്കമാണ് വെസ്റ്റിൻഡീസിന് നൽകിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റിൽ 73 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ലൂയിസ് 35 പന്തിൽ 40 റൺസ് അടിച്ചപ്പോൾ 45 പന്തിൽ 67 റൺസുമായി സിമ്മൺസ് പുറത്താകാതെ നിന്നു. ഹെറ്റ്മെയർ 23 റൺസെടുത്ത് ക്രീസ് വിട്ടു. പിന്നാലെ ക്രീസിലെത്തിയ നിക്കോളാസ് പുറനാണ് വെസ്റ്റിൻഡീസിന്റെ വിജയ ശിൽപി.
വെടിക്കെട്ട് പ്രതീക്ഷിച്ചെത്തിയ കാണികൾക്ക് മുന്നിൽ തരക്കേടില്ലാത്ത പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ കാഴ്ചവച്ചത്. യുവതാരം ശിവം ദുബെയുടെ പ്രകടനം മാത്രമാണ് എടുത്തു പറയേണ്ടത്. കളിയുടെ തുടക്കത്തിൽ 11 പന്തിൽ 11 റൺസെടുത്ത് കെ എൽ രാഹുലും പതിനെട്ട് പന്തിൽ 15 റൺസെടുത്ത് രോഹിത് ശർമയും പുറത്തായി. സ്‌കോർ 56ൽ എത്തിനിൽക്കെയാണ് രോഹിത് പുറത്തായത്. തുടർന്ന് ശിവം ദുബെ എത്തി. 30 പന്തിൽ മൂന്ന് ഫോറും നാല് സിക്സും സഹിതം 54 റൺസാണ് ദുബെ നേടിയത്. മൂന്നാം വിക്കറ്റിൽ വിരാട് കോഹ്ലിയോടൊപ്പം ചേർന്ന് 41 റൺസിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. എന്നാൽ അർധ സെഞ്ച്വറിക്ക് പിന്നാലെ ദുബെ പുറത്താക്കി. വിരാട് കോഹ്‌ലിയും രോഹിത് ശർമയും കെ എൽ രാഹുലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചില്ല.
read also: രണ്ടാം ട്വന്റി-ട്വന്റിയിലും സഞ്ജു കളിക്കില്ല
ഹൈദരാബാദ് നടന്ന ആദ്യ ട്വന്റി 20യിലെ അതേ ടീമുമായാണ് ഇന്ത്യ കളിക്കുന്നത്. സഞ്ജു വി സാംസണ് ഇത്തവണയും ടീമിൽ ഇടം ലഭിച്ചില്ല. ബുധനാഴ്ച മുംബൈയിൽ നടക്കുന്ന മൂന്നാം ട്വന്റി-20യിൽ പരമ്പര വിജയികളെ തീരുമാനിക്കും.
story highlights- india-west indies, t twenty, sanju v samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here