സ്വകാര്യ എസ്റ്റേറ്റ് മുതലാളിമാർക്കായി ഇടുക്കി രാജാക്കാടിനു സമീപം റോഡ് നിർമ്മാണം; നിർമ്മാണം പുരോഗമിക്കുന്ന മൂന്ന് വഴികളിലും മനുഷ്യവാസമില്ല

സ്വകാര്യ എസ്റ്റേറ്റ് മുതലാളിമാർക്കായി ഇടുക്കി രാജാക്കാടിനു സമീപം റോഡ് നിർമ്മാണം. കഴിഞ്ഞ പ്രളയത്തിൽ നിരവധി ഉരുൾ പൊട്ടലുണ്ടായ പ്രദേശത്താണ്, പാറ പൊട്ടിച്ച് റോഡ് നിർമ്മാണം പുരോഗമിക്കുന്നത്. നിർമ്മാണം പുരോഗമിക്കുന്ന മൂന്ന് വഴികളിലും മനുഷ്യവാസമില്ല.
ഇടുക്കിയിലെ രാജാകുമാരിക്ക് സമീപത്താണ് ബി ഡിവിഷൻ മഞ്ഞക്കുഴി റോഡിന്റെയും, ബി ഡിവിഷൻ പെരിയ കനാൽ റോഡിന്റെയും നിർമ്മാണം പുരോഗമിക്കുന്നത്. ഉരുൾ പൊട്ടലിന് സാധ്യത ഉള്ള പ്രദേശങ്ങളിലാണ് പാറ പൊട്ടിച്ച് നിർമ്മാണം നടത്തുന്നത്. രാജാക്കാടിന് സമീപമുള്ള ഗ്രാമങ്ങളെ ചിന്നക്കനാലുമായി ബന്ധിപ്പിക്കുന്ന വഴികളാണിവ. എന്നാൽ ഈ പ്രദേശത്തുള്ളവർക്ക് ചിന്നക്കനാൽ എത്താൻ മറ്റു വഴികളുണ്ട്.
Read Also : ഇടുക്കിയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
റോഡ് നിർമ്മാണം, സമീപത്തുള്ള മുട്ടുകാട് പഞ്ചായത്ത് നിവാസികൾക്ക് ഭീഷണിയാണെന്ന് പ്രദേശവാസികൾ പറയുന്നു. മൂന്നൂറിലേറെ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. റോഡ് നിർമ്മാണത്തിന്റെ മറവിൽ അളവിൽ കൂടുതൽ പാറ പൊട്ടിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
പ്രദേശത്തെ സ്വകാര്യ എസ്റ്റേറ്റ് മുതലാളിമാർക്കായാണ് പുതിയ റോഡിന്റെ നിർമ്മാണം എന്നും ആരോപണം ഉണ്ട്. പ്രദേശിക രാഷ്ട്രീയ നേതാക്കൾക്കും വിഷയത്തിൽ പങ്കുണ്ട്. എന്നാൽ മതിയായ പഠനം നടത്തിയ ശേഷമാണ് നിർമ്മാണം ആരംഭിച്ചതെന്നാണ് പൊതു മരാമത്ത് വകുപ്പിന്റെ വിശദീകരണം.
Story Highlights- Road Construction, Idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here