Advertisement

ആനന്ദി ഗോപാല്‍; നടപ്പുരീതികളോട് കലഹിച്ച് ഇന്ത്യയുടെ ആദ്യ വനിതാ ഡോക്ടറായ ആനന്ദിയുടെയും ഭര്‍ത്താവിന്റെയും കഥ

December 9, 2019
Google News 2 minutes Read

യമുന 12-ാം വയസില്‍ ഗോപാല്‍ എന്ന വിഭാര്യന്റെ ഭാര്യയാകുന്നു. പെണ്ണ് കാണല്‍ ചടങ്ങില്‍ വെച്ചു തന്നെ, യമുനക്ക് എഴുത്തും വായനയും അറിയുമോ എന്ന് ഗോപാല്‍ അന്വേഷിക്കുന്നു. സ്ത്രീകള്‍ പഠിക്കാറില്ലെന്ന യമുനയുടെ മാതാപിതാക്കളോട് ഐക്യപ്പെടാതെ അവളെ താന്‍ പഠിപ്പിക്കുമെന്ന് ഗോപാല്‍ വ്യക്തമാക്കുന്നു. അതിനനുസരിച്ച് ഗോപാല്‍ അവളോട് പുസ്തകങ്ങള്‍ വായിക്കാനും ഗുണനപ്പട്ടിക പഠിക്കാനും ആവശ്യപ്പെടുന്നു. ഇതിനിടെ വിവാഹശേഷം യമുനക്ക് ആനന്ദി എന്ന പേരു ലഭിക്കുന്നു.

മറാഠി പുസ്തകങ്ങളില്‍ നിന്ന് അവള്‍ മെല്ലെ ഇംഗ്ലീഷ് പുസ്തകങ്ങളിലേക്ക് കടക്കുന്നു. ഇതിനിടെ ആനന്ദി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നു. എന്നാല്‍, കൃത്യസമയത്ത് ഡോക്ടറെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഏറെ താമസിയാതെ അസുഖബാധിതനായ കുഞ്ഞ് മരണപ്പെടുന്നു. അതുവരെ ഗോപാലിന്റെ വാശിയിലാണ് ആനന്ദി അറിവ് സമ്പാദിച്ചിരുന്നത്. എന്നാല്‍ മകന്റെ മരണത്തിനു കാരണം ഡോക്ടര്‍ എത്താന്‍ വൈകിയതാണെന്ന് കണ്ടെത്തിയ അവള്‍ പിന്നീട് സ്വയം പഠിക്കാന്‍ ദൃഢനിശ്ചയം ചെയ്യുന്നു. താനൊരു ഡോക്ടറാവുമെന്ന അവളുടെ പ്രഖ്യാപനത്തിനു മുന്നില്‍ അഭിമാനത്തോടെ കണ്ണ് നിറഞ്ഞു നില്‍ക്കുന്ന ഗോപാലിന്റെ ഫ്രെയിമില്‍ നിന്ന് പിന്നീട് സിനിമ സഞ്ചരിക്കുന്നത് ആനന്ദി എന്ന ശക്തയായ സ്ത്രീയുടെ കൈപിടിച്ചു കൊണ്ടാണ്. അവള്‍ ഒട്ടേറെ എതിര്‍പ്പുകള്‍ തരണം ചെയ്ത് സ്‌കൂളും കോളേജും പൂര്‍ത്തിയാക്കുകയും അമേരിക്കയില്‍ പോയി തന്റെ ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് ആനന്ദി ക്ഷയരോഗത്തിന് അടിമയാണെന്ന് കണ്ടെത്തുന്നത്. സിനിമ ഇങ്ങനെയാണ് വികസിക്കുന്നത്.

വാണിജ്യ ചേരുവകളോടെ, വൈകാരിക എലമെന്റുകളോടെ തയ്യാറാക്കിയ ഒരു സിനിമയാണ് ആനന്ദി ഗോപാല്‍. ബയോപിക്കുകളുടെ കുത്തൊഴുക്കുകള്‍ക്കിടയില്‍ അത്ര പ്രശസ്തയല്ലാത്ത, എങ്കില്‍ സമൂഹം ചര്‍ച്ച ചെയ്യേണ്ട ഒരു ബയോപിക്ക് എന്ന നിലയില്‍ ആനന്ദി ഗോപാല്‍ മികച്ച ഒരു സിനിമാനുഭവമാണ്. നടപ്പുരീതികളെ വെല്ലുവിളിക്കുമ്പോഴുണ്ടാവുന്ന സമൂഹത്തിന്റെ പ്രതികരണം വര്‍ത്തമാനകാല സമൂഹത്തില്‍ ഇടക്കിടെ കാണുന്നതു കൊണ്ട് തന്നെ ആനന്ദി ഗോപാലിലെ ‘ആചാര സംരക്ഷകര്‍’ക്കും ശബരിമല ആചാര സംരക്ഷകര്‍ക്കും ഒരേ മുഖമാണ്.

12-ാം വയസിലെ വിവാഹവും ഗോപാലിന്റെ പുരുഷ മേല്‍ക്കോയ്മയും ഇടക്കിടെ ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും ഭാര്യയോട് ക്ഷമ പറയുകയും തല്ലാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന ഗോപാല്‍ ഒരു പരിധി വരെ അത് മറികടക്കുന്നുമുണ്ട്. ആചാരങ്ങളോട് സമരം ചെയ്യുകയും പ്രതികരിക്കുകയും ചെയ്യുന്ന ഗോപാലിന്റെ ചിറകിനടിയില്‍ നിന്ന് ആനന്ദി പറന്നുയരുന്നതാണ് സിനിമയുടെ ഏറ്റവും ഗംഭീരമായ എലമന്റ്. അവളുടെ നേട്ടത്തില്‍ നിന്ന് പ്രചോദിതരായ ഒരുപാട് സ്ത്രീകള്‍ പില്‍ക്കാലത്ത് രാജ്യത്തുണ്ടായി എന്നതാണ് ആനന്ദിയെ ഒരു അസാധാരണ സ്ത്രീയാക്കുന്നത്.
ചിത്രത്തിന്റെ രണ്ടാമത്തെ പ്രദര്‍ശനമാണ് ഇന്ന് നടന്നത്. നാളെ വൈകിട്ട് 3 മണിക്ക് കൃപ തിയറ്ററിലാണ് ചിത്രത്തിന്റെ ഇനിയുള്ള പ്രദര്‍ശനം.

– ബാസിത്ത് ബിന്‍ ബുഷ്റ

Story Highlights- Anandi Gopal India’s first woman doctor, biopic, iffk 2019, 24th iffk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here