Advertisement

ജീവനുള്ള ചിത്രങ്ങളുമായി ജിഷ്ണുവിന്റെ മൊബൈൽ ഫോട്ടോഗ്രഫി; ടാഗോറിൽ ചിത്ര പ്രദർശനം

December 13, 2019
Google News 1 minute Read

ജീവൻ തുടിക്കുന്ന മൊബൈൽ ചിത്രങ്ങളുടെ പ്രദർശനവുമായി ജിഷ്ണു എന്ന പിജി വിദ്യാർത്ഥി. ഐഎഫ്എഫ്‌കെയുടെ പ്രധാന വേദിയായ ടാഗോർ തിയറ്ററിന്റെ പരിസരത്താണ് ജിഷ്ണു പ്രദർശനം സംഘടിപ്പിച്ചത്. ജിഷ്ണുവിന്റെ ചിത്രങ്ങൾക്കൊപ്പം ഡാനി എന്ന പ്ലസ് ടുക്കാരന്റെ ഏതാനും ചിത്രങ്ങൾ കൂടി പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read Also: കാഴ്ചയുടെ വസന്തമൊരുക്കാൻ ഇന്ന് ഐഎഫ്എഫ്‌കെക്ക് തുടക്കം

സ്‌നേഹവും സാഹോദര്യവും മനുഷ്യത്വമുമൊക്കെയാണ് താൻ ചിത്രങ്ങളിലൂടെ പറയാൻ ശ്രമിക്കുന്നതെന്ന് ജിഷ്ണു ട്വന്റിഫോർ ഓൺലൈനിലോട് പറഞ്ഞു. ‘എനിക്ക് രാഷ്ട്രീയവും മതവും ജാതിയുമൊന്നും പറയണ്ട. നമ്മുടെ ഇടയിൽ നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന മനുഷ്യത്വമാണ് പറയാനുള്ളത്. ഹൃദയം, സ്‌നേഹം, കടമകളൊക്കെ നശിച്ചു കൊണ്ടിരിക്കുകയാണ്. അതേപ്പറ്റിയാണ് പറയാനുള്ളത്. ഓരോ ചിത്രങ്ങൾക്കു പിന്നിലും ഓരോ അനുഭവങ്ങളുണ്ട്’ ജിഷ്ണു പറയുന്നു.

 

സമൂഹം ഉള്ളിടത്തോളം കാലം വർഗീയത അവസാനിക്കില്ലെന്നും അത് തുടർന്ന് കൊണ്ടിരിക്കുമെന്നും ജിഷ്ണു പറയുന്നു. മറ്റുള്ളവരിലെ നന്മ കൂടി കാണാൻ ശ്രമിക്കുന്ന ചിത്രങ്ങളാണ് താൻ എടുക്കുന്നത്. ദൈവമുണ്ടെങ്കിലും മനുഷ്യ മനസുകളിലെ സ്‌നേഹമാണ് സമൂഹത്തെ നയിക്കേണ്ടത്. പലരും ഇപ്പോൾ ചാരിറ്റിയൊക്കെ ചെയ്യുന്നുണ്ടെങ്കിലും അർഹതപ്പെട്ടവരിലേക്ക് അത് എത്തുന്നുണ്ടോ എന്നത് സംശയമാണെന്നും ജിഷ്ണു പറഞ്ഞു.

‘ഒരുപാട് യാത്ര ചെയ്ത് കുറേ ചിത്രങ്ങളെടുക്കണമെന്നുണ്ട്. പക്ഷേ, ക്യാമറ ടെക്‌നിക്കുകൾ അറിയില്ല. ഫോട്ടോ എടുക്കാനറിയാം. പക്ഷേ, അത് ഹൃദയം കൊണ്ട് എടുക്കുന്നതാണ്. അതിനപ്പുറം പ്രൊഫഷണൽ ഫോട്ടോഗ്രഫി പഠിക്കണം. ഒരുപാട് യാത്ര ചെയ്ത് ജീവനുള്ള ചിത്രങ്ങളെടുക്കണം. ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോട്ടോഗ്രഫി എക്‌സിബിഷൻ സംഘടിപ്പിക്കണമെന്നാണ് ആഗ്രഹം.’ ജിഷ്ണു പറയുന്നു.

തന്റെ മൊബൈൽ ചിത്രങ്ങൾ കണ്ട് സാമൂഹ്യപ്രവർത്തകയായ ടി എൻ സീമ ക്യാമറ വാങ്ങി നൽകിയിരുന്നെന്നും മഴയത്ത് വീട് ചോർന്നപ്പോൾ വെള്ളം കയറി ക്യാമറ കേട് വന്നുവെന്നും ജിഷ്ണു കൂട്ടിച്ചേർത്തു. ഒപ്പം ചിത്രങ്ങൾ പ്രദർശനത്തിനു വെച്ചിരിക്കുന്ന തന്റെ അനിയനായ ഡാനിക്ക് സ്വന്തമായി ഒരു ക്യാമറ വാങ്ങി നൽകണമെന്നത് തന്റെ വലിയ ഒരു ആഗ്രഹമാണെന്നും ഈ കലാകാരൻ പറയുന്നു.

തിരുവനന്തപുരം ആർട്‌സ് കോളജിൽ നിന്ന് ബിഎ എക്കണോമിക്‌സ് കഴിഞ്ഞിറങ്ങിയ ജിഷ്ണു ഇപ്പോൾ കാര്യവട്ടത്ത് എംഎ മലയാളം വിദൂരമായി പഠിക്കുകയാണ്. ഒരു ചേട്ടനുണ്ട്. അമ്മ വീട്ടുജോലിക്ക് പോകുന്നു. അച്ഛൻ ഹോട്ടൽ ജീവനക്കാരനാണ്. ഇപ്പോൾ കോർപറേഷനിൽ ആറ് മാസത്തേക്ക് തൂപ്പ് ജോലി ലഭിച്ചിട്ടുണ്ട്. അത് കഴിഞ്ഞാൽ വീണ്ടും ഹോട്ടൽ ജോലി തന്നെ.

 

 

iffk 2019

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here