‘തീക്കളി വേണ്ട’ വിദ്യാര്‍ത്ഥികള്‍ പൂത്തിരി കത്തിച്ച ബസ് കസ്റ്റഡിയിൽ; പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും

മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് ബസിൽ അഭ്യാസപ്രകടനം നടത്തിയതിനെതിരെ നടപടി. നിയമം ലംഘിച്ച സ്വകാര്യ ടൂറിസ്റ്റ് ബസ് ആർടിഓ കസ്റ്റഡിയിലെടുത്തു.
വാഹനത്തിന്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. വർധിച്ച് വരുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
വേഗത്തിൽ തീ പിടിക്കുന്ന പെട്രോളിയം കെമിക്കൽ കൊണ്ടുള്ള സ്‌പ്രേ പെയിൻറ് ഉപയോഗിച്ച് വരച്ച ചിത്രങ്ങളുള്ള ബസിന് മുകളിലാണ് പൂത്തിരി കത്തിച്ചത്. ടൂറിസ്റ്റ് ബസുകളിൽ ഗ്രാഫിക്‌സ് പാടില്ലെന്നും കർട്ടൻ ഉപയോഗിക്കരുതെന്നുമാണ് നിയമം. അലങ്കാര ലൈറ്റുകൾക്കും നിയന്ത്രണമുണ്ട്. ഇതൊന്നും പാലിക്കാതെയാണ് ബസ് സർവീസ് നടത്തിയത്.
അപകടം ക്ഷണിച്ച് വരുത്തുന്ന അതിര് കടന്നുള്ള സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളുടെ ആഘോഷ പരിപാടികളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. കോഴിക്കോട് താമരശേരി കോരങ്ങാട് വൊക്കേഷണൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾ വിനോദയാത്രക്ക് പോയപ്പോഴുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബസിന് മുകളിൽ കയറി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമായിരുന്നു ആഘോഷം. എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വിദ്യാർത്ഥികളും സ്‌കൂൾ അധികൃതരും വ്യക്തമാക്കി.
kozhikode, fire crackers on bus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here