ഹൈദരാബാദില്‍ പൊലീസ് വെടിവച്ചു കൊന്നവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച്ച വരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി

ഹൈദരാബാദില്‍ പൊലീസ് വെടിവച്ചു കൊന്നവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച്ച വരെ സംസ്‌കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. ഇന്ന് രാത്രി എട്ട് മണി വരെ സംസ്‌കരിക്കരുതെന്നായിരുന്നു ആദ്യ നിര്‍ദേശം. ഇതിനിടെ, ഏറ്റുമുട്ടല്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും.
വ്യാജ ഏറ്റുമുട്ടല്‍ നടത്തി പ്രതികളെ വെടിവച്ചു കൊന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കാണിച്ച് സാമൂഹ്യ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു തെലങ്കാന ഹൈക്കോടതി. കസ്റ്റഡിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പൊലീസ് പാലിച്ചുവോയെന്ന് കോടതി ആരാഞ്ഞു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദേശം നല്‍കി. വ്യാഴാഴ്ച ഹര്‍ജികള്‍ വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ച തെലങ്കാന ഹൈക്കോടതി, വെള്ളിയാഴ്ച്ച വരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് ഉത്തരവിട്ടു.
പ്രതികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സര്‍ക്കാര്‍ നേരത്തെ കോടതിക്ക് കൈമാറിയിരുന്നു. അതേസമയം, ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന അഭിഭാഷകരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകരായ ജി എസ് മണി, പ്രദീപ് കുമാര്‍ യാദവ് എന്നിവരാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here