മൂന്നാം ചാന്ദ്രദൗത്യം; കൂടുതൽ പണം തേടി ഐഎസ്ആർഒ കേന്ദ്ര സർക്കാരിനെ സമീപിച്ചു

മൂന്നാം ചാന്ദ്ര ദൗത്യത്തിന് കൂടുതൽ പണം തേടി ഐഎസ്ആർഒ കേന്ദ്ര സർക്കാരിനെ സമീപിച്ചു. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലേതിനെക്കാൾ 75 കോടി രൂപ ചന്ദ്രയാൻ ദൗത്യത്തിനു മാത്രമായി അനുവദിക്കണമെന്നാണ് ആവശ്യം. മൂന്നാം ചാന്ദ്രദൗത്യം അടുത്ത വർഷം തന്നെ യാഥാർത്ഥ്യമാക്കുന്നതിന് മുന്നോടിയായാണ് ഐഎസ്ആർഓയുടെ നടപടി. ആകെ 666 കോടിയുടെ വികസന സഹായമാണ് ഐഎസ്ആർഒ തേടിയിരിക്കുന്നത്.

മൂന്നാം ചാന്ദ്രദൗത്യത്തിൽ ലാൻഡറിനെ കൂടുതൽ കരുത്തനാക്കാനാണ് ഐഎസ്ആർഒയുടെ ലക്ഷ്യം. ലാൻഡിംഗ് സാങ്കേതികവിദ്യ ഇതിനായി കൂടുതൽ മെച്ചപ്പെടുത്തും. സോഫ്റ്റ് ലാൻഡിംഗിനായി നേരത്തെ തയ്യാറാക്കിയ ലാൻഡർ മറിഞ്ഞുവീഴാൻ ഘടനകൊണ്ട് സാധ്യതയുണ്ടായിരുന്നു. പുതിയ ലാൻഡറിന് അത്ര സോഫ്റ്റായി ലാൻഡ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും നേരെ നിൽക്കാൻ കഴിയുന്ന തരത്തിൽ കൂടുതൽ ഉറപ്പുള്ള ഘടന നൽകാനാണ് പുതിയ ദൗത്യത്തിൽ ശ്രമം. ഇതിനായി കൂടുതൽ ഇന്ധനം കരുതാനും സംവിധാനമൊരുക്കും. നിലവിൽ ഗഗൻയാനിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനാൽ മൂന്നാം ചന്ദ്രയാൻ വിക്ഷേപണം അടുത്ത നവംബറിൽ നടത്താനാണ് തിരുമാനം. രണ്ടാം ചാന്ദ്ര ദൗത്യത്തിന്റെ സൗകര്യങ്ങൾ തന്നെയാണ് മൂന്നാം ദൗത്യത്തിനും ഉപയോഗിക്കുന്നത്.

Read Also : വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന നാസയുടെ വാദം തള്ളി ഐഎസ്ആർഒ

പേടകം, യന്ത്രഭാഗങ്ങൾ എന്നിവയുടെ നിർമ്മാണത്തിനാണ് സമയമെടുക്കുന്നത്. ഇതിനു പുറമെ രണ്ടാം ചാന്ദ്രദൗത്യത്തിൽ റോവറിനും ലാൻഡറിനും പ്രവർത്തിക്കാൻ കഴിയാതിരുന്നതിന്റെ കാരണങ്ങൾ അപഗ്രഥിച്ച് അവ പരിഹരിക്കാനുളള വിദഗ്ധസമിതിയുടെ നിർദേശങ്ങളും മൂന്നാം ദൗത്യത്തിൽ ഉപയോഗിക്കും. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലേതിനെക്കാൾ 75 കോടി രൂപ ചന്ദ്രയാൻ ദൗത്യത്തിന് മാത്രമായി വേണ്ടിവരും എന്നാണ് ഇപ്പോഴത്തെ നിഗമനം. ഇത് അനുവദിക്കണമെന്ന ആവശ്യം ആണ് കേന്ദ്രസർക്കാരിന് മുന്നിൽ ഐഎസ്ആർഒ സമർപ്പിച്ചത്. ആകെ 666 കോടിയുടെ വികസന സഹായമാണ് ഐഎസ്ആർഒയ്ക്ക് ആവശ്യം. ഉടൻ അനുഭാവപൂർണ്ണമായ നടപടി ഉണ്ടാകും എന്ന ഉറപ്പ് കേന്ദ്രസർക്കാർ സ്വീകരിക്കും എന്ന ഉറപ്പാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നൽകിയിട്ടുള്ളതെന്നും ഇസ്രോ വക്താക്കൾ സൂചിപ്പിയ്ക്കുന്നു.

Story Highlights- Chandrayaan, ISRO

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top