മഹാരാഷ്ട്ര ബിജെപിയിൽ പൊട്ടിത്തെറി; മുതിർന്ന നേതാവ് പാർട്ടി വിട്ടേക്കുമെന്ന് സൂചന

ത്രികക്ഷി സർക്കാർ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചതിന് പിന്നാലെ സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി. മുതിർന്ന നേതാവ് ഏക്‌നാഥ് ഗഡ്‌സെ എൻസിപി അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. ഗഡ്‌സെയെ പിന്തുണക്കുന്നവർക്കൊപ്പം അദ്ദേഹം ബിജെപി വിട്ടേക്കുമെന്നാണ് സൂചന. കഴിഞ്ഞ ഫഡ്നാവിസ് സർക്കാരിൽ മന്ത്രിയായിരുന്ന പങ്കജ മുണ്ഡെയും സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഏക്‌നാഥ് ഗഡ്‌സെക്ക് ബിജെപി മത്സരിക്കാൻ അവസരം നൽകിയിരുന്നില്ല. തുടർന്ന് ബിജെപിക്ക് അധികാരം നഷ്ടപ്പെടുകയും കോൺഗ്രസ്, എൻസിപി, ശിവസേന സഖ്യം സർക്കാർ ഉണ്ടാക്കുകയും ചെയ്തു. ഇതോടെയാണ് ഗഡ്‌സെ പാർട്ടി വിടാനുള്ള നീക്കങ്ങൾ നടത്തുന്നത്. കഴിഞ്ഞ ദിവസം ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം എൻസിപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. ദേവേന്ദ്ര ഫഡ്നാവിസിന് അധികാരം നഷ്ടപ്പെട്ടതോടെ പാർട്ടിക്കുള്ളിലെ വിമത ശബ്ദം കൂടുതൽ ശക്തമാകുകയാണ്. പാർട്ടിയുടെ മുതിർന്ന നേതാവായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളും കഴിഞ്ഞ മന്ത്രിസഭയിൽ അംഗവുമായിരുന്ന പങ്കജ മുണ്ഡെയും പാർട്ടിയുമായി അകൽച്ചയിലാണ്. ഗോപിനാഥ് മുണ്ഡെയുടെ ജന്മ വാർഷികത്തിൽ പുതിയ തീരുമാനം പ്രഖ്യാപിക്കുമെന്ന് പങ്കജ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ പരാജയപ്പെട്ടിരുന്നു. നേതാക്കൾ വിമത ശബ്ദമുയർത്തുന്ന പശ്ചാത്തലത്തിൽ സംസ്ഥാന നേതൃത്വം ഇന്ന് യോഗം ചേരും. നേതാക്കളെ ഒരുമിപ്പിച്ചു നിർത്താനുള്ള ശ്രമത്തിലാണ് നേതൃത്വം.
story highlights- sharad pawar, bjp, devendra fadnavis, eknath gadse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here