ഹൈഫ സ്ട്രീറ്റ്; തീവ്രവാദം, പ്രതികാരം, പ്രണയം

2006-ലെ ഇറാഖ് സിവില്‍ വാറാണ് സിനിമയുടെ പശ്ചാത്തലം. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നരകതുല്യമായ ബാഗ്ദാദിലെ ഹൈഫ തെരുവില്‍ വച്ച് അല്‍ ഖ്വെയ്ദ സ്‌നൈപ്പറായ സല്‍മാന്‍ മാധ്യമപ്രവര്‍ത്തകനായ അഹ്മദിനെ വെടിവെക്കുന്നു. 20 വര്‍ഷം അമേരിക്കയിലായിരുന്ന അഹ്മദ് സുആദ് എന്ന വിധവയെ വിവാഹം കഴിച്ച് അവളെയും മകള്‍ നാദിയയെയും അമേരിക്കയിലേക്ക് കൊണ്ടു പോകാനായാണ് ഹൈഫയിലെത്തുന്നത്. സല്‍മാന് നാദിയയോട് പ്രണയമാണ്. വെടിയേറ്റ് പരുക്കു പറ്റിക്കിടക്കുന്ന അഹ്മദിനെ രക്ഷിക്കാനെത്തുന്മവരെയെല്ലാം സല്‍മാന്‍ വെടി വെച്ച് വിരട്ടുന്നു. സിനിമ അവസാനത്തിലേക്കടുക്കുമ്പോള്‍ എന്തുകൊണ്ട് സല്‍മാന്‍ ഇങ്ങനെ ചെയ്യുന്നു എന്നതിനുള്ള മറുപടി ലഭിക്കുന്നു.

സങ്കീര്‍ണ്ണമായ കഥാപരിസരമൊന്നും സിനിമയിലില്ലെങ്കിലും അപൂര്‍ണ്ണമായ ഷോട്ടുകള്‍ കൊണ്ട് സംവിധായകന്‍ മൊഹനദ് ഹയാല്‍ പറഞ്ഞു വെച്ചിരിക്കുന്നത് ഇറാഖിന്റെ നേര്‍ക്കാഴ്ചയാണ്. പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളും ഒഴിഞ്ഞ തെരുവുകളും ബുള്ളറ്റുകളുടെ ശബ്ദവും തീവ്രവാദവും പകയും പ്രതികാരവുമൊക്കെ ഹയാല്‍ ചര്‍ച്ച ചെയ്യുന്നു. പശ്ചാത്തലത്തില്‍ ഭക്തിനിര്‍ഭരമായ ബാങ്കൊലി കേള്‍ക്കുമ്പോള്‍ ഖുറാന്‍ വാചകങ്ങള്‍ മുരളുന്ന തീവ്രവാദിയുടെ ദൃശ്യങ്ങള്‍ സംവദിച്ചത് കൃത്യമായ രാഷ്ട്രീയമാണ്. തന്റെ നേതാവിനെ കൊല്ലുന്ന സല്‍മാനും അയാള്‍ ഉള്‍പ്പെടുന്ന ഒരു സമൂഹവും എങ്ങനെയൊക്കെ തീവ്രവാദത്താല്‍ തെറ്റിദ്ധരിക്കപ്പെടുന്നുവെന്നും സിനിമ വിശദീകരിക്കുന്നു.

അച്ചടക്കമില്ലാത്ത ഫ്രെയിമുകളും ഒരു ഒളിഞ്ഞുനോട്ടക്കാരന്റെ കൗശലത്തോടെ പെരുമാറുന്ന ക്യാമറയും ഹൈഫയിലെ ജനങ്ങളെത്തന്നെയാണ് പ്രതിനിധാനം ചെയ്തത്. പുറത്തിറങ്ങുമ്പോള്‍ വാരിച്ചുറ്റുന്ന കറുത്ത തുണിക്കുള്ളില്‍ തങ്ങളുടെ ശരീരം അവരെങ്ങനെ പരിചരിക്കുന്നുവെന്നും പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സൗന്ദര്യം അടക്കി വെക്കേണ്ടി വരുന്ന അവര്‍ എങ്ങനെ അതിനെ മറികടക്കാന്‍ ശ്രമിക്കുന്നു എന്നും കൂടി സിനിമ അവ്യക്തമായെങ്കിലും പറയുന്നുണ്ട്.

മേളയിലെ സിനിമയുടെ അവസാന പ്രദര്‍ശനമാണ് ഇന്ന് നടന്നത്. ഏറെ വൈകാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സിനിമ ലഭ്യമായേക്കും.

– ബാസിത്ത് ബിന്‍ ബുഷ്റ

Story Highlights- Haifa Street,film, Iraq Civil War, iffk 2019, 24th iffk 

 

 ‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More