ലോക്‌സഭക്ക്‌ പിന്നാലെ രാജ്യസഭയും കടന്ന് പൗരത്വ ഭേഭഗതി ബിൽ(2019)

പൗരത്വ ഭേഭഗതി ബിൽ ലോക്‌സഭക്ക്‌ പിന്നാലെ രാജ്യസഭയിലും പാസായി. 125 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 105 പേർ എതിർപ്പ് രേഖപ്പെടുത്തി. രാജ്യസഭ കടന്ന ബില്ല് രാഷ്ട്രപതി ഒപ്പിടുന്ന മുറയ്ക്ക് നിയമമായി മാറും. 80 നെതിരെ 311 വോട്ടുകൾക്കാണ് ലോക്‌സഭ ബില്ലിന് അംഗീകാരം നൽകിയത്.

ബിൽ രാജ്യസഭയിൽ പാസായതോടെ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ മുസ്ലിം ഇതര മതസ്ഥർക്ക് ഇന്ത്യൻ പൗരത്വത്തിന് ഇതോടെ അർഹതയായി. ആറരമണിക്കൂറോളം നീണ്ട ചർച്ചകൾക്കും ആഭ്യന്തരമന്ത്രിയുടെ ഉപസംഹാര പ്രസംഗത്തിനും തുടർച്ചയാണ് ബിൽ രാജ്യസഭ അംഗീകരിച്ചത്.

ബിൽ സെലക്ട് കമ്മറ്റിയുടെ പരിഗണനക്ക് അയക്കണം എന്ന സിപിഎം അംഗം കെകെ രാഗേഷിന്റെ പ്രമേയമായിരുന്നു ആദ്യം പരിഗണിച്ചത്. 105ന് എതിരെ 125 വോട്ടിന് സഭ പ്രമേയം തള്ളി. ബില്ലിന് അനുബന്ധമായി നൽകിയ 43 സ്വകാര്യ ഭേഭഗതികളുടെ അവസ്ഥയും മറിച്ചായിരുന്നില്ല. എല്ലാ പ്രമേയങ്ങളും സഭ നിരാകരിച്ചു. എതാണ്ട് ആറര മണിക്കൂർ നീണ്ട ചർച്ചക്ക് വോട്ടെടുപ്പിന് മുൻപ് സഭ സാക്ഷ്യം വഹിച്ചിരുന്നു. ഭരണ പ്രതിപക്ഷ ഭാഗത്ത് നിന്ന് ശക്തമായ വാദപ്രതിവാദങ്ങളാണ് ഉയർന്നത്. രാജ്യസഭ പാസാക്കിയ ബിൽ രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും. ബില്ല് നിയമമായാലും അനുബന്ധമായി ചട്ടങ്ങൾ രൂപികരിച്ച് പ്രസിദ്ധീകരിച്ച ശേഷമാകും ബിൽ പ്രായോഗികാർത്ഥത്തിൽ നടപ്പിൽ വരിക. ഇതിന് ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും സമയം എടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top