ഗോഡ് എക്‌സിസ്റ്റ്‌സ്; ഹെര്‍ നേം ഈസ് പെട്രൂണിയ: സ്ത്രീ ആചാരലംഘനം നടത്തിയാല്‍?

പെട്രൂണിയ 32കാരിയായ ഒരു യുവതിയാണ്. ഹിസ്റ്ററിയില്‍ മാസ്റ്റേഴ്‌സുള്ള അവള്‍ക്ക് പക്ഷേ, ജോലിയില്ല. തടിച്ച ശരീരപ്രകൃതി ആയതു കൊണ്ടു തന്നെ അവളുടെ അമ്മയുടെ നിരന്തര പരിഹാസത്തിനും അവള്‍ ഇരയാവാറുണ്ട്. പ്രണയിക്കുന്നതിനപ്പുറം, അവളുമായി സെക്‌സിലേര്‍പ്പെടാന്‍ പോലും തയ്യാറല്ല എന്ന ഒരു പുരുഷന്റെ പരിഹാസം പോലും അവള്‍ക്ക് ഏല്‍ക്കേണ്ടി വരുന്നുണ്ട്. ഇതിനിടെ അവള്‍ ഒരു ആചാരം ലംഘിക്കുന്നു. പുരുഷന്മാര്‍ മാത്രം പുഴയില്‍ നീന്തി കുരിശെടുത്തു കൊണ്ടിരുന്ന രീതിക്ക് പെട്രൂണിയ മാറ്റം വരുത്തുന്നു. അവള്‍ കുരിശ് നീന്തിയെടുക്കുന്നു. തുടര്‍ന്ന് ആചാരസംരക്ഷകര്‍ വരികയാണ്. നിയമവും നീതിപീഢവും പള്ളിയും വിശ്വാസികളും അവള്‍ക്കെതിരെ തിരിയുകയാണ്.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ ആചാരസംരക്ഷണത്തിന്റെ മാസിഡോണിയന്‍ പതിപ്പാണ് ചിത്രത്തില്‍ കാണാനാവുന്നത്. കുരിശെടുത്ത് അത് വിട്ടു നല്‍കാന്‍ തയ്യാറാകാതിരുന്ന പെട്രോണിയയെ ‘വേശ്യ’ എന്നും ‘വഴിപിഴച്ചവള്‍’ എന്നുമൊക്കെ അധിക്ഷേപിക്കുന്ന ഒരുകൂട്ടം ആളുകള്‍ ശബരിമല വിഷയത്തില്‍ നിരത്തിലിറങ്ങിയ ആളുകളുമായി ഐക്യപ്പെട്ടു. ചീത്തവാക്കു പറഞ്ഞതിനു ശേഷം കുരിശ് പരിശുദ്ധമാണെന്ന് പറയുന്ന ആളുകള്‍ ചീത്ത വിളിച്ചതിനു ശേഷം ശബരിമല പവിത്രമാണെന്ന് പറയുന്ന ആളുകളോട് ഐക്യപ്പെട്ടു. ‘നിങ്ങള്‍ വിശ്വാസിയാണോ’ എന്ന് പെട്രോണിയയോട് ചോദിക്കുന്ന മാസിഡോണിയന്‍ പൊലീസും ശബരിമല വിഷയത്തില്‍ ഇവിടുത്തെ പൊലീസുമായി ഐക്യപ്പെട്ടു. പെട്രോണിയ പക്ഷേ, ആ ചോദ്യത്തിനു മറുപടി നല്‍കാന്‍ വിസമ്മതിച്ച്, ‘നിങ്ങള്‍ സ്വവര്‍ഗാനുരാഗിയാണോ’ എന്ന മറുചോദ്യമാണ് ചോദിക്കുന്നത്.

സമാന്തരമായി ഒരു മനോഹരപ്രണയ കഥ കൂടി സിനിമ സംസാരിക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനില്‍ വെച്ച് കണ്ടുമുട്ടുന്ന പൊലീസുകാരനോട് പെട്രോണിയക്ക് സവിശേഷകരമായ കണക്ഷന്‍ തോന്നുകയും മെല്ലെ അവര്‍ പ്രണയത്തിലാവുകയും ചെയ്യുന്നുണ്ട്. ഇതിനിടെ പെട്രോണിയക്ക് വേണ്ടി നിലകൊള്ളുകയും പുരുഷ മേധാവിത്വത്തിനെതിരെ സംസാരിക്കുകയും ചെയ്യുന്ന ടിവി റിപ്പോര്‍ട്ടററിലൂടെയും സിനിമ രാഷ്ട്രീയം സംസാരിക്കുന്നുണ്ട്.
സിനിമയുടെ അവസാന പ്രദര്‍ശനമാണ് ഇന്ന് നടന്നത്.

Story highlights  – God Exists; Her name is Petrunia Movie, iffk 2019, 24th iffk

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top