മാമാങ്കം സിനിമയ്ക്ക് പ്രദർശനാനുമതി

മാമാങ്കം സിനിമയ്ക്ക് പ്രദർശനാനുമതി. ഹൈക്കോടതിയാണ് പ്രദർശനാനുമതി നൽകിയത്. കഥാകൃത്തിന്റെ പേര് പ്രദർശിപ്പിക്കരുതെന്ന് കോടതി നിർദേശിച്ചു.
നേരത്തെ മാമാങ്കം സിനിമക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ചിത്രം നിർമിച്ച കാവ്യ ഫിലിം കമ്പനി ഡിഐജി സഞ്ജയ് കുമാർ ഗരുഡിന് നൽകിയ പരാതിയിൽ വിതുര പൊലീസാണ് കേസെടുത്തത്.
സിനിമയുടെ തിരക്കഥാകൃത്തായിരുന്ന വിതുര സ്വദേശി സജീവ് പിള്ള, നിരഞ്ജൻ വർമ്മ, അനന്തു കൃഷ്ണൻ, കുക്കു അരുൺ, ജഗന്നാഥൻ, സിബിഎസ് പണിക്കർ, ആന്റണി എന്നിവർക്കെതിരെയും ‘ഈഥൻ ഹണ്ട്’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയും ഐപിസി 500ഉം സൈബർ ആക്ട് 66ഉം പ്രകാരം കേസെടുത്തിരുന്നു. സിനിമയെ നശിപ്പിക്കാൻ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആൾമാറാട്ടം നടത്തി എന്ന കുറ്റവും ചുമത്തിയിരുന്നു.
Read Also : ദൃശ്യമികവ് കൊണ്ട് വിസ്മയിപ്പിച്ച് മാമാങ്കം ട്രെയിലർ
മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചരിത്ര സിനിമയാണ് മാമാങ്കം. വേണു കുന്നപ്പിള്ളി നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം പത്മകുമാറാണ്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. വി.എഫ്. എക്‌സ് നിർവഹിച്ചിരിക്കുന്നത് എം. കമല കണ്ണനാണ്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദൻ, പ്രാചി തെഹ്ലാൻ, അനു സിതാര, കനിഹ, ഇനിയ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here