തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ്; കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ അറസ്റ്റിൽ

തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ അറസ്റ്റിൽ. കൊച്ചി സിബിഐ ഓഫീസിനടുത്ത്വച്ചാണ് രാധാകൃഷ്ണൻ അറസ്റ്റിലാകുന്നത്. സിബിഐ ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ എത്തിയപ്പോഴാണ് പൊലീസ് രാധാകൃഷ്ണനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

രാധാകൃഷ്ണൻ അടക്കമുള്ള പ്രതികൾക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ നിർദേശപ്രകാരം കരുതൽ തടങ്കൽ ഉത്തരവ് വന്നിരുന്നു. പിന്നാലെ വിഷ്ണു സോമസുന്ദരം, ബി. രാധാകൃഷ്ണൻ എന്നിവർ ഒളിവിൽ പോയി. തുടർന്ന് ബി. രാധാകൃഷ്ണന്റെ പങ്കിനെക്കുറിച്ച് സിബിഐ പ്രത്യേകം കേസെടുത്ത് അന്വേഷണം തുടങ്ങുകയും അദ്ദേഹത്തിന്റെ വീട്ടിലെത്തി നോട്ടിസ് നൽകുകയും ചെയ്തിരുന്നു. ഈ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി കൊച്ചിയിലെ സിബിഐ ഓഫിസിലേക്ക് വരുന്ന വഴിയിലാണ് രാധാകൃഷ്ണനെ കരുതൽ തടങ്കൽ ഉത്തരവ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ കേസിൽ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കോർഡിനേറ്ററായ പ്രകാശ് തമ്പി, സെറീന ഷാജി, അഡ്വ. ബിജു എന്നിവർ പൂജപ്പുര സെൻട്രൽ ജയിലായിരുന്നു.

കരുതൽ തടങ്കൽ ഉത്തരവ് പ്രകാരമാണ് അറസ്റ്റെന്നതിനാൽ കുറഞ്ഞത് ഒരുവർഷത്തോളം ജയിലിൽ നിന്ന് പുറത്തിറങ്ങാൻ രാധാകൃഷ്ണന് സാധിക്കില്ല. രാധാകൃഷ്ണൻ പിടിയിലാകുന്നതോടെ സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കിട്ടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ 705 കിലോ സ്വർണം തിരുവനന്തപുരം വിമാനത്താവളം വഴി കടത്താനായി പ്രതികൾക്ക് കൂട്ടുനിന്നത് ബി. രാധാകൃഷ്ണനാണെന്ന് ഡിആർഐ കണ്ടെത്തിയിരുന്നു.

Story Highlights- Thiruvananthapuram Airport, Gold

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top