പൗരത്വ ഭേദഗതി ബിൽ; ത്രിപുരയിൽ പ്രതിഷേധം അവസാനിപ്പിച്ചു

പൗരത്വ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ത്രിപുരയിൽ അരങ്ങേറിയ പ്രതിഷേധം അവസാനിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ തീരുമാനമായത്. സമരക്കാർ ഉന്നയിച്ച ആശങ്കകളുമായി ബന്ധപ്പെട്ട് അമിത് ഷായിൽ നിന്ന് നേതാക്കൾക്ക് ഉറപ്പ് ലഭിച്ചതായാണ് വിവരം.

അതേസമയം, മേഘാലയയിലും അസമിലും പ്രതിഷേധം കനക്കുകയാണ്. അസമിൽ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തിന് നേരെ സിആർപിഎഫ് നടത്തിയ വെടിവയ്പിൽ മൂന്ന് പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ധിപഞ്ചൻ ദാസ് എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞു. നിരോധനാജ്ഞ ലംഘിച്ച് തെരുവിലിറങ്ങിയവർക്ക് നേരെയാണ് വെടിവയ്പുണ്ടായത്. നിരവധി പ്രക്ഷോഭകർക്ക് പരുക്കേറ്റിട്ടുണ്ട്. ബിജെപി എംഎൽഎ ബിനോദ് ഹസാരികയുടെ വീടിന് പ്രക്ഷോഭകർ തീവച്ചു.

കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രിയുടെ വീടിന് നേരെ അക്രമം നടത്തിയ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ വെടിവയ്പിൽ എട്ട് പേർക്ക് പരുക്കേറ്റിരുന്നു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. ഇതേതുടർന്ന് കർഫ്യൂ ഏർപ്പെടുത്തിയെങ്കിലും നിരവധി പേർ ഇന്നും പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top