സ്വാഭാവിക പൗരത്വത്തിന് ദിവസങ്ങള്‍ മാത്രം; അമേരിക്കയില്‍ സിസേറിയന് തിരക്ക്

യുഎസില്‍ ഇന്ത്യക്കാരായ ഗര്‍ഭിണികളില്‍ സിസേറിയന്‍ ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ മണ്ണില്‍ ജനിക്കുന്നവര്‍ക്കെല്ലാം സ്വാഭാവിക പൗരത്വമെന്ന രീതി 30 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടതിന് പിന്നാലെയാണിത്. ക്ലിനിക്കുകളില്‍ പതിവില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഡോണള്‍ഡ് ട്രംപ് പറഞ്ഞ സമയപരിധി ഫെബ്രുവരി 20ന് അവസാനിക്കും. പിന്നീട് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വാഭാവികമായി പൗരത്വം ലഭിക്കില്ല. ഇത് അവരുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കും. അതുകൊണ്ട്, കുഞ്ഞുങ്ങള്‍ക്ക് പൗരത്വം ഉറപ്പാക്കാന്‍ വേണ്ടി ഇന്ത്യക്കാരുള്‍പ്പെടെയുള്ള സ്ത്രീകള്‍ സിസേറിയന്‍ തിരഞ്ഞെടുക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
1868-ലെ 14-ാം ഭേദഗതി പ്രകാരം യുഎസിന്റെ അധികാരപരിധിയില്‍ ജനിക്കുന്ന ആര്‍ക്കും സ്വാഭാവിക പൗരത്വം ലഭിക്കും. അനധികൃത കുടിയേറ്റക്കാര്‍ക്കും സന്ദര്‍ശക വീസയിലോ വിദ്യാര്‍ഥി വീസയിലോ ഉള്ളവര്‍ക്കും യുഎസില്‍ വെച്ച് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വാഭാവിക പൗരത്വം ലഭിക്കാന്‍ സഹായിച്ചിരുന്ന നിയമമാണിത്. മറ്റു രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളെയും അവരുടെ കുടുംബത്തെയുമാണ് അധികാരപരിധിയില്‍ പെടാത്തതായി കണക്കാക്കുന്നത്. പുതിയ ഉത്തരവനുസരിച്ച്, മാതാപിതാക്കളിലൊരാള്‍ക്കെങ്കിലും പൗരത്വമോ ഗ്രീന്‍ കാര്‍ഡോ ഇല്ലെങ്കില്‍ അവര്‍ക്ക് ജനിക്കുന്ന കുഞ്ഞിന് പൗരത്വം ലഭിക്കില്ല. നിയമവിരുദ്ധമായി യുഎസില്‍ കഴിയുന്നവരുടെയും തല്‍ക്കാലത്തേക്കു വരുന്നവരുടെയും മക്കള്‍ യുഎസിന്റെ ‘അധികാരപരിധിയില്‍’ വരില്ലെന്ന് ട്രംപ് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നു.
ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള വ്യവസ്ഥ 30 ദിവസംകൊണ്ട് ഇല്ലായ്മ ചെയ്യാനുള്ള ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമാണ്. 22 സംസ്ഥാനങ്ങള്‍ നിയമനടപടികള്‍ ആരംഭിച്ച് കഴിഞ്ഞു.
Story Highlights : us citizenship by birth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here