ഗതാഗതം തടസപ്പെടുത്തി പൊലീസ് വാഹനം പാർക്ക് ചെയ്തു; ചോദ്യം ചെയ്ത യുവാവിന് മർദനം

ഗതാഗതം തടസപ്പെടുത്തി പൊലീസ് വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്ത യുവാവിന് മർദനം. കണ്ണൂർ വളപ്പട്ടണത്താണ് സംഭവം. യുവാവിനെ കസ്റ്റഡിയിലെടുക്കുന്നത് നാട്ടുകാർ എതിർത്തതോടെ നാട്ടുകാരും പൊലീസും ഏറ്റുമുട്ടി. എസ്‌ഐ അടക്കം മൂന്ന് പൊലീസുകാർക്ക് സംഘർഷത്തിൽ പരുക്കേറ്റു.
റോഡിന് നടുവിൽ ജീപ്പ് നിർത്തി പുകവലിക്കാരന് പിഴയിട്ടതിനെ തുടർന്ന് ഗതാഗത തടസമുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയ യുവാവിനായിരുന്നു പൊലീസിന്റെ മർദനം. നിയമം പഠിപ്പിക്കാൻ നീയാരാണെന്ന് ചോദിച്ച എസ്‌ഐ യുവാവിനോട് ജീപ്പിൽ കയറാൻ ആവശ്യപ്പെട്ടതായാണ് വിവരം. എന്ത് തെറ്റ് ചെയ്തിട്ടാണെന്ന് ചോദിച്ചതോടെ യുവാവിനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നു. ഇതിനെ നാട്ടുകാർ എതിർത്തു.
ഇതോടെ സ്‌ട്രൈക്കർ ഫോഴ്‌സിനെ വിളിച്ചുവരുത്തി. ഉന്തിലും തള്ളിലും പെട്ട് എസ്‌ഐ നിലത്ത് വീണു. നാട്ടുകാർ ചേർന്ന് ഓട്ടോയിലാണ് യുവാവിനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. യുവാവ് പൊലീസിനോട് മോശമായി പെരുമാറിയെന്നാണ് സിഐയുടെ വിശദീകരണം.
Story highlights- kannur, police attack, valappattanam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here