സർക്കാരിന്റെ പ്രത്യേക പ്രതിനിധി സമ്പത്തിനും പേഴ്‌സണൽ സ്റ്റാഫിനുമായി ചെലവ് രണ്ട് ലക്ഷത്തോളം

കേരള സർക്കാരിന്റെ കേന്ദ്രത്തിലെ പ്രത്യേക പ്രതിനിധിയായ മുൻ എംപി എ സമ്പത്തിനും അഞ്ച് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കുമായി ചെലവഴിക്കുന്നത് രണ്ട് ലക്ഷത്തോളം രൂപ. ശമ്പളം, ക്ഷാമ ബത്ത അവലൻസ് എന്നിങ്ങനെ ഒരു ലക്ഷത്തിനടുത്ത് സമ്പത്തിന് നൽകുന്നുണ്ട്.
സമ്പത്തിന്റെ അടിസ്ഥാന ശമ്പളം 2000 രൂപയാണ്. ക്ഷാമ ബത്ത- 33,423 രൂപ, ഡൽഹി അലവൻസ്- 57,000 രൂപ. ആകെ 92,423 രൂപയാണ് സമ്പത്തിന് ലഭിക്കുന്നത്. യാത്രാ ബത്തയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പൊതു ഭരണ വകുപ്പ് നൽകിയിട്ടില്ല.
സമ്പത്തിന് പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്റുമാർ, ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ അനുവദിച്ച് കൊടുത്തിരുന്നു. നിയമനം നടത്തിയെങ്കിലും മൂന്ന് പേരാണ് ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. അസിസ്റ്റന്റുമാരായി പ്രവേശിച്ച രണ്ട് പേരും 40,716 രൂപയാണ് ശമ്പളമായി കൈപ്പറ്റുന്നത്. 24,160 രൂപയാണ് ഓഫീസ് അറ്റൻഡന്റിന്റെ ശമ്പളം. മൂവരും ചേർന്ന് കൈപ്പറ്റുന്നത് 1,05,592 രൂപയാണ്. പ്രൈവറ്റ് സെക്രട്ടറിയായി നിയമനം ലഭിച്ച കെ സതീഷ് ബാബു ഇതുവരെ ചുമതല ഏറ്റെടുത്തില്ല. നിയമനങ്ങളിലെ വിവാദമാണ് കാരണം. ഡ്രൈവറെ ഇതുവരെ നിയമിച്ചിട്ടില്ല.
കേന്ദ്രസർക്കാറിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കലാണ് പ്രത്യേക പ്രതിനിധിക്ക് പ്രധാന ചുമതലയായി നൽകിയിരുന്നത്. കേരള ഹൗസ് കേന്ദ്രീകരിച്ചാണ് ഓഫീസിന്റെ പ്രവർത്തനം. ക്യാബിനറ്റ് റാങ്കോടെയായിരുന്നു നിയമനം. പ്രളയ പുനരധിവാസവും പ്രളയസെസും ഏർപ്പെടുത്തിയതിന് പിന്നാലെയുള്ള നിയമനത്തിനെതിരെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ചേർന്ന മന്ത്രിസഭയാണ് നിയമനത്തിന് അംഗീകാരം നൽകിയത്.
മുൻ കാലങ്ങളിൽ റസിഡന്റ് കമ്മീഷണറുടെ ഓഫീസാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കിടയിലെ പ്രതിനിധിയായി പ്രവർത്തിച്ചിരുന്നത്. ഇതിനിടയിൽ പ്രത്യേക പ്രതിനിധിയുടെ ആവശ്യമെന്തെന്നന്നതിന് സർക്കാരിനുത്തരമില്ല.
sambath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here