Advertisement

പൗരത്വ ഭേദഗതി നിയമം; സംസ്ഥാന സർക്കാരിന്റെ നിലപാട് തളളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

December 15, 2019
Google News 0 minutes Read

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് തളളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമം നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഗവർണർ പ്രതികരിച്ചു. എന്നാൽ നിയമം ഏകപക്ഷീയമായി നടപ്പാക്കാൻ ആർക്കും സാധിക്കില്ലെന്ന് മന്ത്രിമാരായ തോമസ് ഐസക്കും എകെ ബാലനും പ്രതികരിച്ചു. ഗവർണറുടെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമെന്ന് മുസ്ലീം ലീഗ് വിമർശിച്ചു.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. എന്നാൽ നിയമം നടപ്പാക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാനാകില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. കേരളത്തിന്റെയും കേന്ദ്രത്തിന്റെയും അധികാര പരിധി ഭരണഘടനയിൽ നിർവചിക്കപ്പെട്ടിട്ടുണ്ട്. പൗരത്വ നിയമത്തിൽ ആശങ്കപ്പെടാനില്ലെന്നും ആരുടെയും പൗരത്വം ഇതിലൂടെ നഷ്ടപ്പെടില്ലെന്നും ഗവർണർ പറഞ്ഞു.

ഗവർണറുടെ നിലപാടിനെതിരെ സംസ്ഥാന മന്ത്രിമാർ രംഗത്തെത്തി. ഗവർണർക്ക് കേന്ദ്ര നിയമം പാസ്സാക്കണമെന്ന് പറയാൻ മാത്രമേ കഴിയൂവെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് പ്രതികരിച്ചു. നിയമം ഏകപക്ഷീയമായി നടപ്പാക്കാൻ ആർക്കും സാധിക്കില്ലെന്ന് മന്ത്രി എകെ ബാലനും പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിൽ അപകടം പതിയിരിക്കുന്നുണ്ടെന്നും നിയമം നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്നും മന്ത്രി കെകെ ശൈലജ കൊച്ചിയിൽ ആവശ്യപ്പെട്ടു.

അതേ സമയം, പൗരത്വ നിയമഭേദഗതിയെ കുറിച്ചുള്ള ഗവർണറുടെ പ്രസ്താവന ദൗർഭാഗ്യകരമെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് പ്രതികരിച്ചു. പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here