കാസർഗോഡ് തണ്ണീർത്തടം കയ്യേറ്റത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് റവന്യു ഉദ്യോഗസ്ഥർ

കാസർഗോഡ് തളങ്കരയിലെ തണ്ണീർത്തടം കയ്യേറ്റത്തിൽ നടപടിക്കൊരുങ്ങി റവന്യു അധികൃതർ. തീരദേശ പൊലീസ് സ്റ്റേഷന് സമീപത്തെ പുറമ്പോക്ക് ഭൂമി വ്യാപകമായി മണ്ണിട്ട് നികത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കയ്യേറ്റ ഭൂമി അഡീഷണൽ താലൂക്ക് ഓഫീസർ സന്ദർശിച്ചു. ആസൂത്രിതമായാണ് സംഭവം നടക്കുന്നതെന്നും ഇതിന് പിന്നിൽ വൻ മാഫിയാസംഘം പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്നും അഡീഷണൽ തഹസിൽദാർ വ്യക്തമാക്കി . ഇക്കാര്യത്തിൽ പൊലീസുമായി സഹകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. കൈയേറ്റം സംബന്ധിച്ച റിപ്പോർട്ട് കളക്ടർക്ക് രണ്ട് ദിവസത്തിനകം സമർപ്പിക്കുമെന്നും അഡീഷണൽ തഹസിൽദാർ.
പൊലീസ് സ്റ്റേഷന് സമീപത്തെ തണ്ണീർത്തടം നിയമം ലംഘിച്ച് നികത്തി കയ്യേറാനുള്ള ശ്രമം കഴിഞ്ഞ ദിവസം ട്വന്റിഫോർ വാർത്തയാക്കിയിരുന്നു. പിന്നാലെയാണ് സംഭവത്തിൽ റവന്യു അധികൃതർ ഇടപെട്ടത്.
കടലോര സംരക്ഷണത്തിനും കടൽത്തീര ശുചീകരണത്തിനും നിരവധി പരിപാടികളും നിയമങ്ങളും നടപ്പാക്കുമ്പോഴാണ് ഇവ കാറ്റിൽ പറത്തിക്കൊണ്ട് തളങ്കരയിൽ കടലോരം കയ്യേറാൻ വ്യാപക ശ്രമം നടക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെയാണ് ലോഡ് കണക്കിന് മണ്ണും കെട്ടിട അവശിഷ്ടങ്ങളും തള്ളി തണ്ണീർത്തടം പൂർണമായും നികത്താനുള്ള നീക്കം.
kasrgod, revenue department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here