പുതുവൈപ്പിലെ ഐഒസിയുടെ എൽപിജി ടെർമിനൽ നിർമാണം പുനരാരംഭിച്ചു

പുതുവൈപ്പിലെ ഐഒസിയുടെ എൽപിജി ടെർമിനൽ നിർമാണം പുനരാരംഭിച്ചു. സംഘർഷസാധ്യത പരിഗണിച്ച് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വൻ പൊലീസ് സന്നാഹത്തെയാണ് പുതുവൈപ്പിലെ പദ്ധതി പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. അതേസമയം നിർമാണം അനുവദിക്കില്ലെന്ന് സമരസമിതി വ്യക്തമാക്കി.
പ്രദേശവാസികളുടെ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് എൽപിജി ടെർമിനൽ നിർമാണം രണ്ടര വർഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. സർക്കാർ നിർദേശത്തെ തുടർന്ന് ഇന്ന് പുലർച്ച രണ്ട് മണിയോടെ എറണാകുളം ജില്ലാ കളക്ടർ പ്രദേശത്ത് നിരോധനാജ്ഞ്ഞ പ്രഖ്യാപിച്ചു.
കൊച്ചി നഗരസഭ ഒന്നാം ഡിവിഷനിലും എളംകുന്നപ്പുഴ പഞ്ചായത്തിലെ 11 വാർഡുകളിലുമാണ് നിരോധനാജ്ഞ. നിർദിഷ്ഠ പ്ലാന്റിന് മുന്നിലൂടെയുള്ള പാത ബാരിക്കേട് കെട്ടി അടച്ചു . അഞ്ഞുറോളം പോലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. അതേസമയം നിർമാണം അനുവദിക്കില്ലെന്നാണ് ജനകീയ സമരസമിതിയുടെ നിലപാട്.
2010 ലാണ് പുതുവൈപ്പ് പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിച്ചത്. ഒൻപത് വർഷമായിട്ടും 45 ശതമാനം മാത്രമാണ് പൂർത്തിയായത്. ഇത് ഇന്ത്യൻ ഓയിൽ കോർപറേഷന് കനത്ത നഷ്ടമുണ്ടാക്കിയെന്നാണ് വാദം. ഇതോടെയാണ് പൊലീസ് സുരക്ഷയിൽ നിർമ്മാണം തുടങ്ങാൻ തീരുമാനിച്ചത്.
സംഭരണ ടെർമിനലും അനുബന്ധ നിർമാണവുമടക്കം പുതുവൈപ്പ് പദ്ധതിക്ക് മാത്രമായി 715 കോടി രൂപയാണ് ചിലവ്. പുതുവൈപ്പിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനായി വിവിധ തലങ്ങളിൽ ചർച്ച നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
Story Highlights – IOC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here