‘വിദ്യാർത്ഥികൾ കലാപം നിർത്തണം’; ജാമിഅ മില്ലിയ , അലിഗഡ് സർവകലാശാലകളിലെ സംഘർഷത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

ജാമിഅ മില്ലിയ, അലിഗഡ് സർവകലാശാലകളിലെ സംഘർഷത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. വിദ്യാർത്ഥികൾ ആദ്യം കലാപം നിർത്തണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു. അതിനുശേഷം ജുഡീഷ്യൽ അന്വേഷണം അടക്കം ആവശ്യങ്ങളിൽ വാദം കേൾക്കാം. സമാധാനപൂർവമായുള്ള പ്രതിഷേധങ്ങളെ എതിർക്കില്ല. ക്രമസമാധാനം നിലനിർത്തേണ്ടത് പൊലീസിൻ്റെ ഉത്തരവാദിത്തമാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. അതേസമയം, പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് നടൻ കമൽഹസൻ സുപ്രീംകോടതിയെ സമീപിച്ചു.
പൊലീസ് വിദ്യാർത്ഥികളെ ക്രൂരമായ രീതിയിൽ നേരിട്ടതിനെ ഹ്യൂമൻ റൈറ്സ് ലോ നെറ്റ്‌വർക്കാണ് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് ആവശ്യപ്പെട്ടു. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പ്രതികരിച്ചത്.
ചീഫ് ജസ്റ്റിസിന്റെ പരാമർശങ്ങൾ ഇങ്ങനെ: ആദ്യം സമാധാനം, പിന്നീട് വാദം. വിദ്യാർത്ഥികൾ ആദ്യം കലാപം നിർത്തണം. ബസ് കത്തിക്കുന്നതും കല്ലെറിയുന്നതും നിർത്തണം. തെരുവിൽ തീർക്കാനാണെങ്കിൽ കോടതിക്ക് മുന്നിൽ വരേണ്ടതില്ല. കലാപമുണ്ടാകുന്നത് എങ്ങനെയെന്ന് അറിയാം. ധാരാളം കലാപങ്ങൾ കണ്ടിട്ടുണ്ട്. അക്രമം തുടർന്നാൽ ഞങ്ങൾ കേൾക്കില്ല. തെരുവിലേക്ക് കൊണ്ടുപോകാനുള്ള വഴി ഇതല്ല. വിദ്യാർത്ഥികളായതിനാൽ നിയമം കയ്യിലെടുക്കാൻ അവകാശമുണ്ടെന്ന് പറയാൻ കഴിയില്ല. അക്രമം നിർത്തിയാൽ സ്വമേധയാ കേസെടുക്കാം. അക്രമമുണ്ടായില്ലെങ്കിൽ നാളെ വീണ്ടും പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് ഉറപ്പ് നൽകി. വിദ്യാർത്ഥികൾ സമാധാനപൂർവം സമരം നടത്തുകയായിരുന്നുവെന്ന് ഇന്ദിരാ ജയ്‌സിംഗ് ചൂണ്ടിക്കാണിച്ചപ്പോൾ ഇരു വശവും അസാധാരണ നിലയിലാണ് പ്രവർത്തിച്ചതെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. അതേസമയം, പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് മക്കൾ നീതി മെയ്യം പാർട്ടി നേതാവ് കമൽഹാസൻ സമർപ്പിച്ച ഹർജി സമാന ഹർജിക്കൾക്കൊപ്പം ബുധനാഴ്ച പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here