‘ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമായ സമയത്ത് എന്തിനാണ് പൗരത്വ ഭേദഗതി നിയമം?’; അരവിന്ദ് കെജ്‌രിവാൾ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമരശനമുയർത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇന്ത്യക്കാർക്ക് തൊഴിൽ ആവശ്യമുള്ള സമയത്ത് എന്തിനാണ് ഇങ്ങനെയൊരു നിയമമെന്ന് അരവിന്ദ് കെജ്‌രിവാൾ ചോദിച്ചു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കെജ്‌രിവാൾ ഇപ്രകാരം ചോദ്യം ഉന്നയിച്ചത്.
“ഇപ്പോൾ ഇങ്ങനെയൊരു ബില്ലിൻ്റെ ആവശ്യകത എന്താണെന്ന് ഞാൻ ചോദിക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മയും നാണയപ്പെരുപ്പവും അധികരിച്ചിരിക്കുകയാണ്. ജീവിതച്ചെലവ് വർധിക്കുന്നതും തൊഴിലില്ലായ്മയും കൊണ്ട് ജനങ്ങൾ കരയുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനപ്പുറം രാജ്യം പരിഗണന നൽകേണ്ടത് ഇത്തരം വലിയ കാര്യങ്ങൾക്കാണ്. രാജ്യവും നേതാക്കളും രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയുടെ തകർച്ചയെപ്പറ്റി ചർച്ച ചെയ്യണം. പൗരത്വ ഭേദഗതി നിയമത്തിനെപ്പറ്റി ചർച്ച ചെയ്യേണ്ട കാര്യമില്ല”- കെജ്‌രിവാൾ പറഞ്ഞു.
ഡൽഹി ജാമിഅ മില്ലിയയിൽ നടക്കുന്ന പൊലീസ് നടപടിയിൽ തനിക്ക് ആശങ്കയുണ്ടെന്നും സമാധാനം പുനസ്ഥാപിക്കാൻ കഴിയുന്നത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരക്കാർ ബസ് കത്തിച്ചെന്നും അത് ചെയ്തത് ഡൽഹി പൊലീസാണെന്നുമുള്ള ചർച്ചകളുടെ സത്യാവസ്ഥ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Citizenship Amendment Act, Arvind Kejrival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here