Advertisement

ആര്‍ട്ടിസാന്‍ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ വിവരശേഖരണത്തിന് ഡാറ്റ ബാങ്ക് തയാറാക്കുന്നു

December 17, 2019
1 minute Read

ആര്‍ട്ടിസാന്‍ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ വിവരശേഖരണത്തിന് സംസ്ഥാന ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കാഡ്‌കോ) ലേബര്‍ ഡാറ്റ ബാങ്ക് തയാറാക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് അടിസ്ഥാനത്തില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ് ഡാറ്റ ബാങ്കിലേക്ക് വിവരങ്ങള്‍ ശേഖരിക്കുക. ഡാറ്റാബാങ്ക് വരുന്നതോടെ കൂടുതല്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ കോര്‍പറേഷന് സാധിക്കും.

തൊഴിലാളികളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കാനുമാകും. മരപ്പണി, ഇരുമ്പ് പണി, സ്വര്‍ണപ്പണി, കല്‍പണി, ചെമ്പ് – ഓട്ടുപാത്ര നിര്‍മാണം, കരകൗശലം, ചെരുപ്പ് നിര്‍മാണം, തയ്യല്‍, തച്ചുശാസ്ത്രം, ക്ഷേത്ര രൂപകല്‍പന, ക്ഷേത്ര കൊത്തുപണി, ശില്‍പ നിര്‍മാണം അനുബന്ധമായ തൊഴിലാളികളുടെയും പ്ലംബിംഗ്, ഇലക്ട്രീഷ്യന്‍, പെയിന്റിംഗ്, ടൈല്‍വര്‍ക്ക്, ഇന്റീരിയര്‍ ഡെക്കറേഷന്‍, ഐടി സഹായം തുടങ്ങിയ മേഖലകളിലെ തൊഴിലാളികളുടെയും സംരംഭകരുടെയും വിവരങ്ങള്‍ ഡാറ്റാ ബാങ്കിലുണ്ടാകും.

കോര്‍പറേഷന്‍ ഏറ്റെടുക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വിദഗ്ധ തൊളിലാളികളെ കണ്ടെത്താനും പുതിയ സംരംഭങ്ങള്‍ക്ക് നാഷണല്‍ ബാക്ക്വേര്‍ഡ് ക്ലാസസ് ഫിനാന്‍ഷ്യല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍(എന്‍ബിസിഎഫ്ഡിസി) നല്‍കുന്ന സഹായങ്ങള്‍ക്ക് ഗുണഭോക്താക്കളെ കണ്ടെത്താനും ലേബര്‍ ഡാറ്റാ ബാങ്ക് ഉപയോഗിക്കും.

യന്ത്രവത്കരണത്തിന്റെ ഭാഗമായി തൊഴിലില്ലായ്മ നേരിടുന്ന ആര്‍ട്ടിസാന്‍മാരുടെ സംരക്ഷണം ഉറപ്പുവരുത്തുകയും അംഗസംഖ്യ കണക്കാക്കി പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്യും. ഒപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്നതിനും ആര്‍ട്ടിസാന്‍സ് ലേബര്‍ ഡാറ്റാ ബാങ്ക് ലക്ഷ്യം വയ്ക്കുന്നു.

ഭാവിയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് വ്യക്തമായ രൂപരേഖയുണ്ടാക്കാനും ഏതെല്ലാം തൊഴില്‍ വിഭാഗങ്ങള്‍ ഉണ്ടെന്നും അവരുടെ എണ്ണം എത്രയെന്നും കൃത്യമായ കണക്ക് ശേഖരിക്കുവാനും ഇതിലൂടെ കഴിയും. കൂട്ടായ്മകള്‍ രൂപീകരിച്ച് കാഡ്‌കോയ്ക്ക് ലഭിക്കുന്ന പദ്ധതികള്‍ വിജയകരമായി നടപ്പാക്കും. ലാഭവിഹിതം തൊഴിലാളികള്‍ക്ക് ലഭ്യമാക്കും. ഒപ്പം തൊഴില്‍ ചെയ്യാന്‍ കഴിയാത്ത തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ലാഭവിഹിതം വിനിയോഗിക്കും. കൂടുതല്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് തൊഴില്‍ വൈദഗ്ധ്യം ഉയര്‍ത്താനും കഴിയും. ഇടനിലക്കാരുടെ ചൂഷണം ഇല്ലാതാക്കി തൊഴിലാളികളെ സംരക്ഷിക്കാനും ഇതിലൂടെ സാധിക്കും.

പ്രാദേശികമായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഭോക്താക്കള്‍ തന്നെ തൊഴില്‍ പങ്കാളികളാകുന്നതോടെ പദ്ധതികളില്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ കഴിയും. പദ്ധതിക്ക് വേണ്ടി മുടക്കുന്ന പണം സംസ്ഥാനത്തെ പ്രാദേശിക തൊഴിലാളികളില്‍ കൂലി ഇനത്തില്‍ എത്തി സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയും.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കാഡ്‌കോ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 43.49 കോടിയുടെ വിറ്റുവരവ് നേടിയ സ്ഥാപനം 1.38 കോടി ലാഭവും ഉണ്ടാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top