‘ഹോസ്റ്റലിൽ നിൽക്കുക സുരക്ഷിതമല്ല, എന്നാൽ പോകാൻ മറ്റൊരിടമില്ല, രാത്രി 3 മണിക്ക് വരെ റെയ്ഡ് ഉണ്ടാകുമെന്ന് ഭയന്നു’: ജാമിഅ മില്ലിയ വിദ്യാർത്ഥികൾ പറയുന്നു

രാജ്യത്തെ ഒന്നടങ്കം ചേർത്ത് നിർത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കാണ് ജാമിഅ മില്ലിയ വിദ്യാർത്ഥികൾ തുടക്കം കുറിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് രാജ്യത്തെങ്ങും ആളിക്കത്തുന്ന പ്രതിഷേധാഗ്നിയുടെ കനൽ ജാമിഅയിൽ നിന്നായിരുന്നു എന്ന് വേണം പറയാൻ. അതുകൊണ്ട് തന്നെ ഇവിടുത്തെ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് അഴിച്ചുവിട്ടത് വലിയ അതിക്രമമായിരുന്നു.
രണ്ട് ദിവസമായി ഉറക്കമില്ലാത്ത രാത്രികളാണ് ജാമിഅയിലെ വിദ്യാർത്ഥികൾക്ക്. പൊലീസിന്റെ ആദ്യ റൗണ്ട് അതിക്രമങ്ങൾക്ക് ശേഷം ഡിസംബർ 16 മുതൽ ജനുവരി 5 വരെ സർവകലാശാല അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചിലർ ഇന്റേൺഷിപ്പിനും, റിസർച്ചിനും മറ്റ് ചിലർ പ്രതിഷേധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനും സർവകലാശാല ഹോസ്റ്റലിൽ തന്നെ നിന്നു. എന്നാൽ ഇന്നലെയോടുകൂടി മിക്ക വിദ്യാർത്ഥികളും ഹോസ്റ്റൽ വിടുകയാണ്.
‘എന്റെ ജീവിതത്തിൽ എന്നെ ഇത്രയും തവണ മാതാപിതാക്കൾ ഫോണിലൂടെ വിളിച്ചിട്ടില്ല. എല്ലാവരും ഞങ്ങളെ വീട്ടിലേക്ക് തിരികെ വിളിക്കുകയാണ്. കഴിഞ്ഞ രാത്രി ഞങ്ങളാരും ഉറങ്ങിയിട്ടില്ല. ഇനിയും ഹോസ്റ്റലിൽ തങ്ങാൻ കഴിയില്ല’. മാസ് കമ്യൂണിക്കേഷൻ വിദ്യാർത്ഥിനി ലൈല ഖാൻ പറയുന്നു. മുംബൈ സ്വദേശിനിയാണ് ലൈല.
Read Also : ജാമിഅ മില്ലിയയിൽ നിന്ന് ആയുധശേഖരം കണ്ടെടുത്തോ? [24 Fact Check]
‘അതിനിടെ അർധരാത്രി പൊലീസ് റെയ്ഡിന് വരുമെന്ന് ആരൊക്കെയോ പറഞ്ഞു. ഭയന്ന് വിറച്ച് ഞങ്ങളെല്ലാം വാതിലുകളും ജനലുകളും അടച്ചു. ഹോസ്റ്റലിന് പുറത്ത് താമസിക്കുന്ന സുഹൃത്തുക്കൾ അവിടേക്ക് ചെല്ലാൻ പറഞ്ഞ് ഞങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. എന്നാൽ ഈ സമയത്ത് ഹോസ്റ്റലിന് പുറത്തേക്ക് ഇറങ്ങുക സുരക്ഷിതമല്ലായിരുന്നു.’- ഡെന്റൽ സർജറി വിദ്യാർത്ഥി അക്ഷി പറയുന്നു.
ഹോസ്റ്റലിൽ കുടുങ്ങിയ പല വിദ്യാർത്ഥികൾക്കും ഉടൻ വീട്ടിലേക്ക് പോകാൻ കഴിയുന്നവരല്ല. മിക്കവർക്കും ടിക്കറ്റില്ല. ഇതിൽ കുറച്ച് പേർ കശ്മീർ സ്വദേശികളാണ്. ഇവർക്ക് വീട്ടിലേക്ക് തിരികെ പോകാൻ നിർവാഹമില്ല.
രണ്ട് ദിവസം മുമ്പാണ് ജാമിഅ മില്ലിയ സർവകലാശാലയിൽ വിദ്യാർത്ഥി പ്രക്ഷോഭം ആരംഭിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവിലിറങ്ങിയത് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ്. പാർലമെന്റിലേക്കാണ് വിദ്യാർത്ഥികൾ മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ സർവകലാശാലയ്ക്ക് മുന്നിൽ തന്നെ പൊലീസ് എത്തി പ്രതിഷേധക്കാരെ അടിച്ചോടിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here