നിർഭയ കേസിൽ പ്രതിക്ക് വധശിക്ഷ തന്നെ; അക്ഷയ് സിംഗിന്റെ പുനഃപരിശോധനാ ഹർജി തള്ളി

വധശിക്ഷയ്‌ക്കെതിരെ നിർഭയ കേസ് പ്രതി സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രിംകോടതി തള്ളി. പ്രതി അക്ഷയ് സിംഗ് സമർപ്പിച്ച ഹർജിയാണ് സുപ്രിംകോടതി തള്ളിയത്. വധശിക്ഷ പുനഃപരിശോധിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി വിലയിരുത്തി. സുപ്രിംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പിന്മാറിയതിനെ തുടർന്ന് പുനഃസംഘടിപ്പിച്ച ബെഞ്ചാണ് അക്ഷയ് സിംഗിന്റെ ഹർജിയിൽ വാദം കേട്ടത്. പ്രതിഭാഗം വാദങ്ങൾ ആവർത്തിക്കുകയാണെന്ന് സുപ്രിംകോടതി വിമർശിച്ചു. ദയാഹർജിക്ക് സമയം അനുവദിക്കണമെന്ന പ്രതിയുടെ ആവശ്യം സുപ്രിംകോടതി തള്ളി.
ബന്ധു അർജുൻ ബോബ്ഡെ ഇരയുടെ മാതാപിതാക്കൾക്ക് വേണ്ടി മുൻപ് ഹാജരായത് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇന്നലെ പിന്മാറിയത്. ബോബ്ഡെയ്ക്ക് പകരം ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണയെ ഉൾപ്പെടുത്തി ബെഞ്ച് പുനഃസംഘടിപ്പിക്കുകയും ചെയ്തു. വധശിക്ഷ ശരിവച്ച ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ആർ. ബാനുമതി, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരാണ് മൂന്നംഗ ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
2012 ഡിസംബർ പതിനാറിനാണ് ഡൽഹിയിൽ ഓടുന്ന ബസിനുള്ളിൽ രാജ്യത്തെ നടുക്കിയ കൂട്ടബലാൽസംഗം നടന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം ഡിസംബർ ഇരുപത്തിയൊൻപതിന് നിർഭയ സിംഗപ്പൂരിലെ ആശുപത്രിയിൽ മരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here