മൂവാറ്റുപുഴ കൈവെട്ട് കേസ്: പ്രതി നജീബിനെ എൻഐഎ വീണ്ടും അറസ്റ്റ് ചെയ്തു

മൂവാറ്റുപുഴ കൈവെട്ട് കേസ് പ്രതി നജീബിനെ എൻഐഎ വീണ്ടും അറസ്റ്റ് ചെയ്തു. ഇയാൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ് അറസ്റ്റിലായ കെ.എ. നജീബ്.
വിചാരണാ നടപടികളിലെ കാലതാമസം ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ജൂലൈയിൽ നജീബിന് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ എൻഐഎ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധിക്ക് സ്റ്റേ ലഭിച്ചതിന് പിന്നാലെയാണ് എൻഐഎ നജീബിനെ വീണ്ടും അറസ്റ്റ് ചെയ്തത്. 2013 ജനുവരിയിൽ ഇയാൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകളാണ് നജീബിനെതിരെ ചുമത്തിയിരുന്നതും. 2015 ഏപ്രിലിൽ ഒളിവിൽ കഴിയവേയാണ് നജീബിനെ എൻഐഎ സംഘം ആദ്യം അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനാണ് ഇയാൾ.
മതനിന്ദയുണ്ടാക്കുന്ന ചോദ്യപേപ്പർ തയാറാക്കി എന്നാരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിന് നേരെ 2010ലാണ് ആക്രമണമുണ്ടായത്. വാനിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം അധ്യാപകനെ വലിച്ചിറക്കി കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. 2011ലാണ് എൻഐഎ കേസ് അന്വേഷണം ഏറ്റെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here