ജാമിഅ മില്ലിയ പ്രക്ഷോഭത്തിലെ പൊലീസ് നടപടി ഇന്ന് ഡൽഹി ഹൈക്കോടതിയിൽ

ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രിം കോടതി നിർദേശത്തെ തുടർന്നാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക. പൊലീസ് നടപടിയിൽ സുപ്രിം കോടതി ഇടപ്പെട്ടിരുന്നില്ല. പകരം, ഹൈക്കോടതികൾ സമിതി രൂപീകരിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.
വസ്തുതാപരമായ അന്വേഷണത്തിന് റിട്ടയേർഡ് സുപ്രിം കോടതി ജഡ്ജി അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി സമിതി രൂപീകരിക്കണമെന്നാണ് അഭിഭാഷകനായ റിസ്‌വാൻ സമർപ്പിച്ച ഹർജിയിലെ ആവശ്യം. പ്രത്യേക സംഘത്തെ അന്വേഷണം ഏൽപ്പിക്കണമെന്നാണ് മറ്റൊരു ഹർജിയിൽ പറയുന്നത്.
കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും സമാധാനപൂർവം സമരം ചെയ്യാനുള്ള അവകാശം പൊലീസ് നിഷേധിച്ചുവെന്നും ആരോപണമുണ്ട്.
അതേസമയം, ഇന്ന് ജാമിഅ മില്ലിയ വിദ്യാർത്ഥികൾ ചെങ്കോട്ടയിലേക്ക് നിന്ന് ഫിറോസ്ഷാ കോട്ട്‌ലയിലെ ഷഹീദ് പാർക്കിലേക്ക് മാർച്ച് നടത്തും. ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം, സിപിഐ തുടങ്ങി ഇടത് സംഘടനകളും പ്രക്ഷോഭത്തിൽ അണിചേരും. സാമൂഹ്യ പ്രവർത്തകൻ യോഗേന്ദ്ര യാദവും പ്രതിഷേധ റാലിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.
jamia millia protest, police, delhi high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here