Advertisement

പൗരത്വ നിയമ ഭേദഗതി; രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തം; ലാത്തി ചാർജിൽ മാതൃഭൂമി റിപ്പോർട്ടർക്ക് പരുക്ക്

December 20, 2019
Google News 1 minute Read

ഡൽഹിയിലെ പ്രതിഷേധങ്ങൾ പലയിടത്തും അക്രമാസക്തമായി. ദരിയാഗഞ്ചിൽ പ്രതിഷേധക്കാർ സ്വകാര്യ കാർ കത്തിച്ചു. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ അരുൺ ശങ്കറിന് തലയ്ക്ക് പരുക്കേറ്റു. വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേർക്ക് വ്യാപക കല്ലേറുണ്ടായി. ഉത്തർപ്രദേശിലെ സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം ആറായി.

ആറു മണിയോടെയാണ് ഡൽഹി ഗേറ്റിന് സമീപത്തെ ദരിയാഗഞ്ചിൽ സംഘർഷാവസ്ഥയുണ്ടായത്. പ്രകടനമായെത്തിയവർ പൊലീസ് ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് പൊലീസിന് നേരെ കല്ലേറുണ്ടായത്. ഇതോടെ പ്രതിഷേധക്കാർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ ലാത്തിചാർജും. മാധ്യമപ്രവർത്തകർക്കടക്കം പരുക്കേറ്റു. മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ അരുൺ ശങ്കറിന് പരുക്കേറ്റു. ക്യാമറാമാൻ വൈശാഖ് ജയപാലന് ലാത്തിയടിയേറ്റു. ക്യാമറയും തല്ലിത്തകർത്തു.

ദരിയാഗഞ്ച് ഡിസിപി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ കാർ അഗ്‌നിക്കിരയായി. ഒട്ടേറെ വാഹനങ്ങൾ തല്ലിത്തകർത്തു. വടക്കുകിഴക്കൻ ഡൽഹിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. സീമാപുരിൽ പൊലീസിന് നേർക്ക് പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പന്ത്രണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 144 പ്രഖ്യാപിച്ചു.

ഡൽഹി ജമാ മസ്ജിദിന് മുന്നിൽ ആയിരങ്ങൾ പ്രതിഷേധിച്ചു. ഇന്ത്യാ ഗേറ്റിലും, സെൻട്രൽ പാർക്കിലും പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായി. ഉത്തർപ്രദേശിലെ ലഖ്‌നൗവിലും സാംബയിലും അക്രമങ്ങൾ തുടർന്നു. ഗോരഖ്പൂരിലും ബുലന്ത്‌ഷെഹറിലും പൊലീസ് ലാത്തിച്ചാർജ് നടത്തി.

Story Highlights- Citizenship Amendment Act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here