ശബരിമല പുനപരിശോധനാ ഹർജി; വിശാല ബെഞ്ചിന്റെ സിറ്റിംഗ് ജനുവരി മുതൽ തുടങ്ങും

ശബരിമല പുന:പരിശോധനാ ഹർജികളിൽ നിർണായകമാകുന്ന വിശാല ബെഞ്ചിന്റെ സിറ്റിംഗ് ജനുവരി മുതൽ തുടങ്ങുമെന്ന് സൂചന. വിശ്വാസ സ്വാതന്ത്ര്യം, ഭരണഘടനാ ധാർമികത തുടങ്ങി ഏഴ് സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാനാണ് വിശാല ബെഞ്ച്.
ശബരിമല പുന:പരിശോധനാ ഹർജികളിൽ തീർപ്പ് കൽപ്പിക്കാതെ, വിശ്വാസവുമായി ബന്ധപ്പെട്ട ഏഴ് സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാൻ വിശാല ബെഞ്ച് രൂപീകരിക്കാനായിരുന്നു നവംബർ പതിമൂന്നിലെ ഭൂരിപക്ഷ വിധി. ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും സമത്വവും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം, അനിവാര്യമായ മതആചാരങ്ങളുടെ ധാര്‍മികത, ഭരണഘടനാ ധാര്‍മികതയുടെ വ്യാഖ്യാനം, ഒരു പ്രത്യേക ആചാരം മതത്തിന്റെ അവിഭാജ്യ ഘടകമാണോ, മതപരമായ ആചാരങ്ങള്‍ ആ വിഭാഗത്തിന്റെ മേധാവിയാണോ തീരുമാനിക്കേണ്ടത്, ഹിന്ദു വിഭാഗങ്ങള്‍ സംബന്ധിച്ച നിര്‍വചനം, ഒരു മതത്തിലെ പ്രത്യേക വിഭാഗത്തിന് ഭരണഘടനാ സംരക്ഷണത്തിന് അര്‍ഹതയുണ്ടോ, ഒരു പ്രത്യേക മതവിഭാഗത്തിന് പുറത്തുള്ളവര്‍ മറ്റ് മത ആചാരങ്ങൾക്കെതിരെ നല്കുന്ന പൊതുതാൽപര്യ ഹര്‍ജികള്‍ സ്വീകരിക്കേണ്ടതുണ്ടോ തുടങ്ങിയ വിഷയങ്ങളിലാണ് വാദം കേൾക്കുന്നത്.
ശബരിമല യുവതിപ്രവേശനം, മുസ്ലിം പള്ളികളിലും പാഴ്സികളുടെ ഫയർ ടെമ്പിളിലും സ്ത്രീകൾക്കുള്ള വിലക്ക്, ദാവൂദി ബോറാ സമുദായത്തിലുള്ള സ്ത്രീകളുടെ ചേലാകര്‍മം തുടങ്ങിയ വിഷയങ്ങളിൽ വിശാലബെഞ്ചിന്റെ തീരുമാനം നിർണായകമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here