പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ഉത്തർ പ്രദേശിൽ മരിച്ചവരുടെ എണ്ണം പതിനഞ്ചായി

ഉത്തർപ്രദേശിൽ വ്യാപക അക്രമങ്ങൾ തുടരുന്നതിനിടെ പ്രതിഷേധ സമരങ്ങളിൽ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. വാരണാസിയിൽ എട്ടുവയസുകാരൻ കൊല്ലപ്പെട്ടു. രാംപുരിലും മീററ്റിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കാൺപൂരിൽ പ്രതിഷേധക്കാർ വ്യാപക അക്രമം അഴിച്ചുവിട്ടു. സംഘർഷങ്ങളിൽ ഇതുവരെ അൻപത്തിയേഴ് പൊലീസുക്കാർക്ക് വെടിയേറ്റതായി ക്രമസമാധാന ചുമതലയുള്ള ഐജി വ്യക്തമാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ബെൻ പട്ടേലുമായി സ്ഥിതിഗതികൾ വിലയിരുത്തി.
ഉത്തർപ്രദേശിൽ സംഘർഷങ്ങൾ പടരുകയാണ്. കാൺപൂരിലും രാംപൂരിലും പ്രതിഷേധസമരം അക്രമാസക്തമായി. ഒട്ടേറെ വാഹനങ്ങളും സ്ഥാപനങ്ങളും അഗ്‌നിക്കിരയായി. ലാത്തിച്ചാർജിൽ നിരവധി പ്രതിഷേധക്കാർക്ക് പരുക്കേറ്റു. പ്രയാഗ്‌രാജിലും പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശി. നൂറ് പേർക്കെതിരെയാണ് കേസെടുത്തത്. 144 ലംഘിച്ചതിന് പതിനായിരം പേർക്കെതിരെ പ്രത്യേകം എഫ്‌ഐആറും രജിസ്റ്റർ ചെയ്തു.
മീററ്റിലാണ് മരണങ്ങൾ ഏറെയും. ഫിറോസാബാദ്, കാൺപൂർ, ബിജ്‌നോർ, സംഭാൽ, ബുലന്ദ്ഷഹർ തുടങ്ങിയ മേഖലകളിലും പ്രതിഷേധങ്ങൾ തുടരുകയാണ്. പ്രയാഗ്‌രാജിൽ നൂറ്റിയൻപത് പേരെ കരുതൽ തടങ്കലിലാക്കി. സ്ഥിതി വിലയിരുത്തി ആവശ്യമെങ്കിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കാൻ അതത് സ്ഥലത്തെ പൊലീസ് ഉന്നതർക്ക് നിർദേശം നൽകിയതായി ഉത്തർപ്രദേശ് ഡിജിപി ഒപി സിംഗ് പറഞ്ഞു. പുറത്തുനിന്നുള്ളവരുടെ സാന്നിധ്യം പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഡിജിപി വ്യക്തമാക്കി.
ഇതുവരെ എഴുനൂറിൽപ്പരം പ്രതിഷേധക്കാർ അറസ്റ്റിലായി. ഗോരഖ്പൂരിൽ പ്രശ്‌നക്കാരായവരുടെ ചിത്രങ്ങൾ പൊലീസ് പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ യുപിയിൽ പ്രതിഷേധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവർണർ ആനന്ദി ബെൻ പട്ടേലുമായി ചർച്ച നടത്തി. സുരക്ഷ അടക്കമുള്ള കാര്യങ്ങൾ വിലയിരുത്തി.
Story Highlights- Citizenship Amendment Act, Uttar Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here