പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ഉത്തർപ്രദേശിൽ സാമൂഹിക പ്രവർത്തക അറസ്റ്റിൽ

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിൽ പ്രതിഷേധം കനക്കുന്നു. സാമൂഹ്യ പ്രവർത്തക സദഫ് ജാഫർ ഉൾപ്പെടെ 200 ലേറെ പേരെ പൊലീസ് അറസ്റ്റ് ചെയതു. സദഫ് ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നാണ് വിവരം.
ഹസ്രത്ഗഞ്ജിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് സദഫ് ജാഫർ ഉൾപ്പെടെ 34 പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. പരിവർത്തൻ ചൗക്കിൽ നിന്നാണ് സദഫിനെ അറസ്റ്റ് ചെയ്തതെന്ന് ഹസ്രത്ഗഞ്ജ് പൊലീസ് ഓഫീസർ ഡിപി കുശ്വാഹ പറഞ്ഞു. ഡിസംബർ 19ന് നടന്ന പ്രതിഷേധത്തിൽ അവരുടെ പങ്ക് വ്യക്തമാക്കുന്ന വീഡിയോകൾ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സദഫ് സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചിട്ടില്ലാന്നാണ് സഹോദരി നഹീദ് വ്യക്തമാക്കുന്നത്.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ആളിക്കത്തുന്ന ഉത്തർപ്രദേശിൽ മരിച്ചവരുടെ എണ്ണം 18 ആയി. രാംപൂരിൽ ഇന്നലെ നടന്ന സംഘർഷത്തിൽ ഒരാൾ മരിച്ചു. സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്.
story highlights- sadaf jafar, citizenship amendment act, uttarpradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here