Advertisement

‘ദേശീയ പൗരത്വ രജിസ്റ്റർ ഇന്ത്യ മുഴുവൻ നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ല’; നരേന്ദ്ര മോദി

December 22, 2019
Google News 12 minutes Read

ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ നിയമഭേദഗതിക്കെതിരെയും രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ ശ്രദ്ധേയ പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) ഇന്ത്യ മുഴുവൻ നടപ്പാക്കുമെന്ന് തങ്ങൾ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് മോദി അവകാശപ്പെട്ടത്. ദേശീയ പൗരത്വ രജിസ്റ്റർ അസമിലേക്ക് വേണ്ടി മാത്രമുള്ളതാണെന്നും ഡൽഹി രാംലീല മൈതാനത്തിൽ വെച്ച് നടത്തിയ പ്രഭാഷണത്തിനിടെ മോദി പറഞ്ഞു.

“130 കോടി ഇന്ത്യക്കാരോടും ഞാൻ പറയാനാഗ്രഹിക്കുന്നത്, 2014ൽ എൻ്റെ സർക്കാർ അധികാരത്തിലേറിയതിനു ശേഷം ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട യാതൊരു ചർച്ചയും എവിടെയും നടന്നിട്ടില്ലെന്നാണ്. സുപ്രിം കോടതിയുടെ നിർദ്ദേശ പ്രകാരം അസമിൽ മാത്രമാണ് ഇത് നടപ്പിലാക്കിയത്. ഇപ്പോൾ കേൾക്കുന്നതൊക്കെ കളവാണ്.”- പ്രധാനമന്ത്രി പറഞ്ഞു.

എന്നാൽ, നവംബർ 20ന്, ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെൻ്റിൽ പറഞ്ഞിരുന്നു. അസമിൽ സുപ്രിം കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഇത് നടക്കുന്നതെന്നും ഇത് രാജ്യവ്യാപകമായി നടപ്പിലാക്കുമെന്നും ഷാ പറഞ്ഞിരുന്നു. ഇത് മറച്ചു വെക്കുന്നതാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

പ്രധാനമന്ത്രിയുടെ പ്രസ്താവന വലിയ ചർച്ചയായിട്ടുണ്ട്. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവക്ക് വിരുദ്ധമായാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ട്വിറ്ററിലൂടെ രംഗത്തു വന്നു. രാജ്യസഭയിലും ലോക്സഭയിലും അമിത് ഷാ ഇക്കാര്യം പറഞ്ഞിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മയും പറഞ്ഞു. മാത്രമല്ല, ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രകടന പത്രികയിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

Story Highlights: Narendra Modi, Amit Shah, Citizenship Amendment Act, National Register of Citizens

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here