കേരളാ ഗവർണർ കേന്ദ്രത്തിന്റെ പിആർഒയെ പോലെയെന്ന് വി എം സുധീരൻ

പൗരത്വ നിയമ ഭേദഗതിയിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി എം സുധീരൻ. കേരളാ ഗവർണർ കേന്ദ്രത്തിന്റെ പിആർഒയെ പോലെ പെരുമാറുന്നുവെന്ന് വി എം സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു.
മോഡി-അമിത് ഷാമാരുടെ ഭ്രാന്തൻ നടപടി എന്ന് വിശേഷിപ്പിക്കാവുന്ന പൗരത്വ ഭേദഗതി നിയമത്തെ വെള്ളപൂശാൻ ഗവർണർ ശ്രമിച്ചു കാണുന്നത് നിർഭാഗ്യകരമാണ്. പൗരത്വ നിയമ ഭേദഗതി ഉൾപ്പെടെയുള്ള തെറ്റായ നടപടികളെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കുന്നതിൽ നിന്ന് ഗവർണർ പിന്തിരിയണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ഓരോ ദിവസം കഴിയും തോറും കൂടുതൽ കൂടുതൽ ശക്തമായി വന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിൻറെ ന്യായവാദങ്ങളൊക്കെ ജനങ്ങൾ തള്ളിക്കളയുന്ന സ്ഥിതിയാണുള്ളത്.
ഇന്ത്യയെ വർഗീയ ഭ്രാന്താലയമാക്കാനുള്ള മോഡി-അമിത് ഷാ കൂട്ടുകെട്ടിന്റെ തെറ്റായ ശ്രമങ്ങളിൽ നിന്നും സദുപദേശങ്ങൾ നൽകി അവരെ പിന്തിരിപ്പിക്കാനും ഭരണഘടനയുടെ അന്തഃസത്ത സംരക്ഷിക്കാനും ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നത സ്ഥാനീയർ അനുയോജ്യമായ രീതിയിൽ ഇടപെടേണ്ട സന്ദർഭമാണിത്.
എന്നാൽ ഇതിനെല്ലാം വിരുദ്ധമായി കേന്ദ്ര സർക്കാരിനെയും മോഡി-അമിത് ഷാമാരുടെ ഭ്രാന്തൻ നടപടി എന്ന് വിശേഷിപ്പിക്കാവുന്ന പൗരത്വ ഭേദഗതി നിയമത്തെയും വെള്ളപൂശാൻ ആദരണീയനായ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിച്ചു കാണുന്നത് നിർഭാഗ്യകരമാണ്. അദ്ദേഹം വഹിക്കുന്ന ഉന്നതപദവിക്ക് അതൊന്നും തെല്ലും അനുയോജ്യമല്ല.
കേന്ദ്ര സർക്കാരിന്റെ കേവലമൊരു പി.ആർ.ഒയെ പോലെ ദയവായി അദ്ദേഹം പെരുമാറരുത്. അങ്ങനെ വന്നാൽ ഗവർണറായി വന്നതിനുശേഷം അദ്ദേഹത്തിന് കേരളത്തിൽ ലഭിച്ച വലിയ സ്വീകാര്യതയ്ക്ക് മങ്ങലേൽക്കും. അതുകൊണ്ട് കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള തെറ്റായ നടപടികളെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കുന്ന നടപടികളിൽ നിന്നും ബഹു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിന്തിരിയണമെന്നാണ് എൻറെ അഭ്യർത്ഥന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here