കെ കരുണാകരന്‍ അനുസ്മരണം ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വിട്ടുനിന്നു

കോണ്‍ഗ്രസ് പ്രതിഷേധത്തെത്തുടര്‍ന്ന് കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വിട്ടുനിന്നു. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ഗവര്‍ണറോട് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം തന്നെ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, പൗരത്വ നിയമ ഭേദഗതിക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്നും ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതയുളളവരെ തുറന്ന ചര്‍ച്ചക്കായി രാജ്ഭവനിലേക്ക് ക്ഷണിക്കുകയാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പരസ്യപ്രസ്താവന നടത്തിയ ഗവര്‍ണറുടെ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. ഗവര്‍ണക്കെതിരെ നിലപാട് കടുപ്പിച്ച കോണ്‍ഗ്രസ്, കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. കരുണാകരനെപ്പോലെയൊരു മതേതര നേതാവിനെ അനുസ്മരിക്കാന്‍ ഗവര്‍ണര്‍ക്ക് യോഗ്യതയില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. പൗരത്വ നിയമ ഭേദഗതി നിലപാടില്‍ ഗവര്‍ണര്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ അദ്ദേഹത്തെ ബഹിഷ്‌കരിക്കുന്നത് ആലോചിക്കേണ്ടി വരുമെന്നും മുരളീധരന്‍ വ്യക്തമാക്കി. കേരളത്തില്‍ ബിജെപിക്ക് സംസ്ഥാന അധ്യക്ഷനില്ലാത്തതിന്റെ കുറവ് നികത്താനായി ഗവര്‍ണറെ അമിത്ഷാ നിയോഗിച്ചതാണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എം എം ഹസന്റെ ആരോപിച്ചു.
എന്നാല്‍ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. അഭിപ്രായ ഭിന്നതയുളളവരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും ഇവരെ രാജ്ഭവനിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ക്കുറിച്ചു.
Story Highlights- Citizenship Amendment Act, Arif Mohammad Khan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here