‘ഗോവയിൽ എൻആർസി നടപ്പാക്കേണ്ടതില്ല’; കേന്ദ്ര സർക്കാരിനെതിരെ ബിജെപി മുഖ്യമന്ത്രിയും രംഗത്ത്

ഗോവയിൽ ദേശീയ പൗരത്വ പട്ടിക നടപ്പാക്കേണ്ടെതില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പൗരത്വ പട്ടികയെയും പൗരത്വ നിയമഭേദഗതിയെയും എതിർത്ത് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന് തിരിച്ചടിയായി പ്രമോദ് സാവന്തിൻ്റെ പ്രസ്താവന. പൗരത്വ നിയമഭേദഗതിയെച്ചൊല്ലി ഗോവയിലെ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമഭേദഗതി നടപ്പിലാക്കിയാൽ ഗോവയിലുള്ള പോർച്ചുഗീസ് പൗരത്വം ഉള്ളവരെ അത് പ്രതികൂലമായി ബാധിക്കുമെന്ന കോൺഗ്രസിൻ്റെ ആരോപണങ്ങൾക്ക് മറുപടിയായാണ് പ്രമോദ് രംഗത്തു വന്നത്. പോർച്ചുഗീസ് പൗരന്മാർക്ക് ഇന്ത്യൻ പൗരത്വത്തിലേക്ക് മാറാൻ നിലവിൽ സംവിധാനമുണ്ടെന്നും വിഷയത്തെപ്പറ്റി കൂടുതൽ പഠിച്ചതിനു ശേഷം മറ്റു കാര്യങ്ങൾ വിശദീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ പാസാക്കിയ നിയമം നടപ്പിലാക്കില്ലെന്നു പറയാൻ മുഖ്യമന്ത്രിമാർക്കാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതിനു പിന്നാലെയാണ് പ്രമോദ് സാവന്തിൻ്റെ പ്രസ്താവന. വിഷയസംബന്ധിയായി അറിവുള്ള നിയമജ്ഞരോട് അന്വേഷിക്കണമെന്നും പ്രധാനമന്തി മുഖ്യമന്ത്രിമാരോട് പറഞ്ഞിരുന്നു. കേരളവും ബംഗാളും ഉൾപ്പെടെ 10 സംസ്ഥാനങ്ങളാണ് കേന്ദ്ര നീക്കത്തെ എതിർത്തത്.
നാലര നൂറ്റാണ്ടിലധികം പോർച്ചുഗീസ് കോളനിയായിരുന്ന ഗോവയിൽ ഒട്ടേറെ പോർച്ചുഗീസ് പൗരന്മാർ താമസിക്കുന്നുണ്ട്. എൻആർസിയും സിഎഎയും നടപ്പിലാക്കുമ്പോൾ അത് ഇവരെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക അവിടങ്ങളിൽ ശക്തമാണ്.
Story Highlights: National Register of Citizens, Citizenship Amendment Act, BJP, Goa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here