Advertisement

പാനി പൂരി വ്യാപാരിയില്‍ നിന്ന് കോടീശ്വരനിലേക്ക്; യശ്വസ്വി ജയ്‌സ്വാളിന്റെ ക്രിക്കറ്റ് യാത്ര

December 23, 2019
Google News 4 minutes Read

‘നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരൂ….’ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകളെ നെഞ്ചിലേറ്റി സ്വപ്നത്തിനു പിന്നാലെ യാത്രചെയ്ത കഥയാണ് മുംബൈയില്‍ നിന്നുള്ള യശ്വസ്വി ജയ്‌സ്വാള്‍ എന്ന 17 കാരന് പറയാനുള്ളത്.

പാനി പൂരി വ്യാപാരിയായിരുന്ന യശ്വസ്വി ജയ്‌സ്വാള്‍ ഇപ്പോള്‍ കോടീശ്വരനാണ്. എങ്ങനെയാണെന്നല്ലേ.. ഐപിഎല്‍ ലേലത്തിലൂടെ. 2020 ഐപിഎല്ലിനായുള്ള ലേലത്തിലൂടെയാണ് യശ്വസ്വി ജയ്‌സ്വാള്‍ കോടീശ്വരനായത്.

രാജസ്ഥാന്‍ റോയല്‍സാണ് 2.40 കോടി മുടക്കി യശ്വസ്വിയെ ടീമിലെടുത്തിരിക്കുന്നത്. വലിയ അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും ഏറെ സന്തോഷവാനാണെന്നും കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്നും യശ്വസ്വി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സെപ്റ്റംബറിലും ഒക്ടോബറിലുമായി നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ 154 ബോളില്‍ 203 റണ്‍സ് നേടിയിരുന്നു. 12 സിക്‌സും 17ഫോറും അടക്കമായിരുന്നു നേട്ടം. സീസണില്‍ ആറ് കളികളില്‍ നിന്നായി 564 റണ്‍സാണ് നേടിയിട്ടുള്ളത്.

Read More: ധവാനും ബുംറയും തിരിച്ചെത്തി; ശ്രീലങ്കന്‍ പരമ്പരയില്‍ സഞ്ജുവും

ഉത്തര്‍പ്രദേശിലെ സൂര്യ വില്ലേജില്‍ നിന്നാണ് യശ്വസ്വി ക്രിക്കറ്റ് ലോകത്തിലേക്ക് എത്തുന്നത്. പാനി പൂരി വില്‍പ്പനയിലൂടെയായിരുന്നു ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇതൊന്നും തന്റെ സ്വപ്നത്തിലേക്കുള്ള യാത്രയില്‍ യശ്വസ്വിക്ക് വിലങ്ങ്തടിയായില്ല. പതിനൊന്നാം വയസിലാണ് യശ്വസ്വി മുംബൈയിലേക്ക് എത്തിയത്.

ഒരു പെയിന്റ് കട നടത്തുകയായിരുന്നു അച്ഛന്‍. കടയില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ട് ക്രിക്കറ്റ് കളിക്കാരനാകാനുള്ള തന്റെ ആഗ്രഹം നടപ്പിലാക്കാന്‍ കഴിയുമായിരുന്നില്ലെന്ന് യശ്വസ്വി പറയുന്നു. അതിനാല്‍ പാനി പൂരി വില്‍ക്കാനിറങ്ങി. വില്‍പ്പനയ്ക്കുശേഷം എല്ലാ ദിവസവും ആസാദ് മൈതാനില്‍ ക്രിക്കറ്റ് കളി കാണാന്‍ പോകുമായിരുന്നു.

അവിടെവച്ചാണ് പപ്പു സാറിനെ പരിചയപ്പെട്ടത്. കളിക്കാന്‍ അവസരം നല്‍കണമെന്ന് പലതവണ ചോദിച്ചു. ഒരു ദിവസം അദ്ദേഹം കളിക്കാന്‍ അവസരം തന്നു. ഇന്ന് നന്നായി കളിച്ചാല്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ അവസരം നല്‍കാമെന്ന് അദ്ദേഹം പറഞ്ഞു. അവിടെനിന്നായിരുന്നു തുടക്കമെന്ന് യശ്വസ്വി പറയുന്നു.

സച്ചിന്റെ കടുത്ത ആരാധകനാണ് യശ്വസ്വി. സച്ചിന്റെ ബാറ്റിംഗിന്റെ വീഡിയോകള്‍ കാണുന്നതുവഴിയായി മികച്ച രീതിയില്‍ കളിക്കുന്നതിനുള്ള വഴികള്‍ മനസിലാക്കാനാകുമെന്ന് യശ്വസ്വി പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here