ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: സർക്കാർ രൂപീകരിക്കാൻ ഹേമന്ത് സോറൻ ഇന്ന് അവകാശവാദം ഉന്നയിക്കും

ജാർഖണ്ഡിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ്- ജാർഖണ്ഡ് മുക്തി മോർച്ച-രാഷ്ട്രീയ ജനതാദൾ മഹാസഖ്യം അധികാരത്തിലേക്ക്. ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ മഹാസഖ്യം വിജയിച്ചതോടെ ഹേമന്ത് സോറൻ ഇന്ന് സർക്കാർ രൂപീകരിക്കാൻ ഗവർണറെ സന്ദർശിച്ച് അവകാശവാദം ഉന്നയിക്കുമന്ന് ജാർഖണ്ഡ് മുക്തിമോർച്ച അറിയിച്ചു. ജെഎംഎം നേതാവായ സോറൻ മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Read Also: ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; മഹാസഖ്യം കേവലഭൂരിപക്ഷത്തിലേക്ക്
നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് മുഖ്യമന്ത്രി രഘുബർ ദാസ് രാജി വച്ചു. അടുത്ത സർക്കാർ രൂപീകരിക്കും വരെ കാവൽ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാൻ ഗവർണർ ദ്രൗപദി മർമു ആവശ്യപ്പെട്ടു. രാത്രി 12 മണിയോടെ 81 സീറ്റുകളിലെയും ഫലം തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആകെയുള്ള 81 സീറ്റുകളിൽ 47 ഇടത്താണ് മഹാസഖ്യത്തിന്റെ വിജയം. 30 സീറ്റുകളുമായി ജെഎംഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസ്-16, ആർജെഡി-1 എന്നിങ്ങനെയാണ് സീറ്റ് നില. ബിജെപിക്ക് 25 സീറ്റ് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ സർക്കാർ രൂപീകരിക്കാൻ പാർട്ടിയെ സഹായിച്ച എജെഎസ്‌യു ഇത്തവണ രണ്ട് സീറ്റിലൊതുങ്ങി. ജെവിഎം(പി)- 3, എൻസിപി-1, സിപിഐഎംഎൽ-1, സ്വതന്ത്രർ-2 എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ സീറ്റ് നില.
നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരമുറപ്പിച്ച മഹാസഖ്യത്തിനെയും ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ത് സോറനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സംസ്ഥാനത്തെ സേവിക്കുന്നതിനായി എല്ലാവിധ ആശംസകളുമെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ വ്യക്തമാക്കി.
81 മണ്ഡലങ്ങളിലേക്ക് നവംബർ 30 മുതൽ ഡിസംബർ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ജാർഖണ്ഡിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഈ വർഷം ആദ്യം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 14 സീറ്റുകളിൽ 11ലും ബിജെപി വിജയിച്ചിരുന്നു. 2014ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിജെപി 37 സീറ്റുകളും ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയൻ അഞ്ച് സീറ്റുകളും നേടിയിരുന്നു.
jhargand election, hemanth soran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here