Advertisement
kabsa movie

വലയ സൂര്യഗ്രഹണത്തിന് ഇനി രണ്ട് നാള്‍; വലയ ഗ്രഹണമെന്നാല്‍ എന്ത് ? [24 Explainer]

December 24, 2019
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വലയ സൂര്യഗ്രഹണമെന്ന ആകാശ വിസ്മയത്തിന് ഇനി രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. നൂറ്റാണ്ടിന്റെ വിസ്മയമായ വലയ സൂര്യഗ്രഹണം കാണാനുള്ള വിപുലമായ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. കേരളത്തില്‍ മൂന്നിടങ്ങളിലാണ് വലയഗ്രഹണം ഏറ്റവും വ്യക്തമായി കാണാന്‍ സാധിക്കുക. വലയഗ്രഹണത്തിന്റെ പാത സൗദി അറേബ്യയില്‍ നിന്ന് ആരംഭിച്ച് കേരളം, തമിഴ്നാട് എന്നിവിടങ്ങളിലൂടെ കടന്ന് ബോര്‍ണിയോ സുമാത്ര ദ്വീപുകള്‍ വരെയെത്തും. രാവിലെ ഏകദേശം 8 മണി മുതല്‍ 11 മണി വരെയുള്ള സമയത്താണ് സൂര്യഗ്രഹണം ദൃശ്യമാവുക. എന്താണ് വലയഗ്രഹണം ? എന്തുകൊണ്ടാണ് എല്ലാ അമാവാസിക്കും ഗ്രഹണം സംഭവിക്കാതത് തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്.

സൂര്യഗ്രഹണം എങ്ങനെ ഉണ്ടാകുന്നു

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യന് നേരെ മുന്നില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ടാകാം. ആ സമയത്ത് ചന്ദ്രന്‍ സൂര്യനെ ഭാഗികമായോ പൂര്‍ണമായോ മറച്ചേക്കാം. ഇതാണ് സൂര്യഗ്രഹണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ വീഴുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. ചന്ദ്രന്‍ ഭൂമിയെ അപേക്ഷിച്ച് ചെറുതായതിനാല്‍ ചന്ദ്രന്റെ നിഴല്‍ ഭൂമിയെ ഭാഗികമായി മാത്രമായിരിക്കും മറയ്ക്കുക. അതിനാല്‍ ആ ഭൂഭാഗങ്ങളില്‍ മാത്രമാണ് സൂര്യഗ്രഹണം അനുഭവപ്പെടുക. അവിടങ്ങളില്‍ ആ സമയത്ത് സൂര്യന്റെ വെളിച്ചം കുറയും.

 

എന്താണ് പൂര്‍ണ സൂര്യഗ്രഹണം

സൂര്യനെ ചന്ദ്രന്‍ പൂര്‍ണമായും മറയ്ക്കുന്നതാണ് പൂര്‍ണ സൂര്യഗ്രഹണം. സൂര്യകേന്ദ്രത്തില്‍ നിന്ന് ചന്ദ്രന്റെ കേന്ദ്രത്തിലൂടെ ഒരു രേഖ സങ്കല്പിച്ചാല്‍ അത് ഭൂമിയിലൂടെ കടന്നുപോകുന്ന ഇടത്തിനോട് ചേര്‍ന്നു കിടക്കുന്നിടത്ത് മാത്രമാണ് സമ്പൂര്‍ണ സൂര്യഗ്രഹണം അനുഭവപ്പെടുക. ഏറ്റവും അനുകൂല സാഹചര്യത്തില്‍ പോലും ഒരിടത്ത് പരമാവധി 270 കിമീ ചുറ്റളവില്‍ ഏഴ് മിനിട്ടില്‍ താഴെ സമയം മാത്രമാണ് ഇത് കാണാന്‍ കഴിയുക. കേരളത്തില്‍ അടുത്ത കാലത്തൊന്നും പൂര്‍ണഗ്രഹണം ഉണ്ടായിട്ടില്ല.

എന്താണ് വലയഗ്രഹണം

ചന്ദ്രന്‍ സൂര്യബിംബത്തിന്റെ അരിക് ഭാഗം ഒഴികെ ബാക്കി മുഴുവന്‍ മറയ്ക്കുന്നതാണ് വലയഗ്രഹണം. ആ സമയത്ത് സൂര്യന്‍ ഒരു വലയരൂപത്തില്‍ കാണുമെന്നതിനാലാണ് ഇതിനെ വലയഗ്രഹണം എന്നു പറയുന്നത്. സൂര്യനും ചന്ദ്രനും ആകാശത്തുണ്ടാക്കുന്ന കോണളവ് ഏകദേശം അര ഡിഗ്രിയാണ്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ഇത് ചന്ദ്രന്റെ കാര്യത്തില്‍ 0.488 ഡിഗ്രി മുതല്‍ 0.568 ഡിഗ്രി വരെയാകാം. ഈ വ്യത്യാസത്തിനുള്ള കാരണം ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ അവ തമ്മിലുള്ള അകലം കൂടുകയും കുറയുകയും ചെയ്യുന്നതാണ്. സൂര്യന്റെ കാര്യത്തില്‍ ഇത് 0.527 ഡിഗ്രി മുതല്‍ 0.545 ഡിഗ്രി വരെയാകാം. സൂര്യനും ഭൂമിക്കും ഇടയിലുണ്ടാകുന്ന ദൂര വ്യതിയാനമാണ് ഈ വ്യത്യാസത്തിനു കാരണം. ഈ വ്യത്യാസങ്ങള്‍ കാരണം ഗ്രഹണം ഉണ്ടാകുന്ന ചില സന്ദര്‍ഭങ്ങളില്‍ ചന്ദ്രബിംബം സൂര്യബിംബത്തേക്കാള്‍ ചെറുതായിരിക്കും. അപ്പോള്‍ സൂര്യബിംബം മുഴുവനായി മറയില്ല. ഒരു വലയം ബാക്കിയാകാം. അതാണ് വലയ ഗ്രഹണമായി കാണുക. 26-ന് വടക്കന്‍ കേരളത്തില്‍ നടക്കുന്നത് ഒരു വലയഗ്രഹണമാണ്. കേരളത്തില്‍ മറ്റിടങ്ങളില്‍ അത് ഭാഗിക ഗ്രഹണമായിരിക്കും.

എന്താണ് ഭാഗിക സൂര്യഗ്രഹണം

സൂര്യനെ ചന്ദ്രന്‍ ഭാഗികമായി മറയ്ക്കുന്നതാണ് ഭാഗിക സൂര്യഗ്രഹണം. ചന്ദ്രനുണ്ടാക്കുന്ന നിഴലിന്റെ തീവ്രത കുറഞ്ഞ ഭാഗം – അതായതു് ഉപഛായ മാത്രമാണ് പതിക്കുന്നതെങ്കില്‍ അവിടെ നടക്കുന്നത് ഭാഗിക ഗ്രഹണമായിരിക്കും. പൂര്‍ണ ഗ്രഹണം നടക്കുന്ന ഇടങ്ങളുടെ ചുറ്റിലുമായി താരതമ്യേന വലിയൊരു ഭാഗത്ത് ഭാഗിക ഗ്രഹണം നടക്കും.

എന്താണ് സങ്കര സൂര്യഗ്രഹണം

ഒരു സൂര്യഗ്രഹണം നടക്കുമ്പോള്‍ തന്നെ ചിലയിടങ്ങളില്‍ അത് പൂര്‍ണ ഗ്രഹണമായും മറ്റു ചിലയിടങ്ങളില്‍ അത് വലയഗ്രഹണം ആയും കാണപ്പെടുന്ന പ്രതിഭാസമാണ് സങ്കര സൂര്യഗ്രഹണം. ഗ്രഹണം നടക്കുന്ന ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ ചന്ദ്രനും ഭൂമിയില്‍ അതിന്റെ നിഴല്‍ വീഴുന്ന ഇടവും തമ്മിലുള്ള ദൂരത്തിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിനു കാരണമാകുന്നത്. പ്രഛായയും എതിര്‍ ഛായയും തമ്മില്‍ സന്ധിക്കുന്നിടത്തു കൂടെ ഭൂമി കടന്നു പോകുമ്പോഴാണ് ഇതു സംഭവിക്കുക. ഇതിനുള്ള സാദ്ധ്യത കുറവായതിനാല്‍ ഏകദേശം ഒരു ദശാബ്ദത്തിലൊരിക്കല്‍ എന്ന നിരക്കില്‍ മാത്രമാണ് ഇതു സംഭവിക്കുക. നമ്മുടെ നാട്ടില്‍ സമീപഭാവിയിലൊന്നും ഇത്തരം ഗ്രഹണം നടക്കില്ല.

 

സൂര്യഗ്രഹണം എത്ര നേരം നീണ്ടുനില്‍ക്കും

ഭാഗിക ഗ്രഹണം മണിക്കൂറുകള്‍ നീണ്ടു നില്‍ക്കാം. എന്നാല്‍ വലയഗ്രഹണമോ പൂര്‍ണ ഗ്രഹണമോ പരമാവധി ആറ് , ഏഴ് മിനിട്ടുകള്‍ മാത്രമാണ് നീണ്ടു നില്‍ക്കുക. 26 ലെ ഗ്രഹണം പരമാവധി 3 മിനിട്ട് 40 സെക്കന്റാണ് നീണ്ടു നില്‍ക്കുക.

എല്ലാ കറുത്ത വാവിനും ഗ്രഹണമില്ലാത്തത് എന്തുകൊണ്ട്

സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുന്ന സന്ദര്‍ഭമാണ് കറുത്തവാവ് അഥവാ അമാവാസി. ആ സമയത്ത് ചന്ദ്രന്റെ ഒരു പകുതി ഭൂമിക്കു നേരെയും മറ്റേ പകുതി സൂര്യനു നേരെയും ആയിരിക്കും. അപ്പോള്‍ സൂര്യന്റെ നേരെയുള്ള പകുതിയില്‍ വെളിച്ചമുണ്ടാകും. നമ്മുടെ നേരെ തിരിഞ്ഞിരിക്കുന്ന മറ്റേ പകുതിയില്‍ സൂര്യപ്രകാശം വീഴാത്തതിനാല്‍ ഇരുട്ടായിരിക്കും. ചന്ദ്രന്‍ സ്വയം പ്രകാശം ഉണ്ടാക്കില്ല എന്നതിനാല്‍ നമുക്ക് ആ സമയത്ത് ചന്ദ്രനെ കാണാന്‍ കഴിയില്ല. ഓരോ തവണ ചന്ദ്രന്‍ ഭൂമിയെ ചുറ്റിവരുമ്പോഴും ഒരിക്കല്‍ അമാവാസി ഉണ്ടാകും. ഒരു വര്‍ഷത്തില്‍ പന്ത്രണ്ടോ പതിമൂന്നോ പ്രാവശ്യം ഇതു സംഭവിക്കാം.ഇനി സൂര്യഗ്രഹണം സംഭവിക്കുന്നതെങ്ങനെയെന്നു നോക്കാം. അമാവാസി ദിവസങ്ങളില്‍ ചന്ദ്രന്‍ സൂര്യനെ കടന്നു പോകുന്നത് സൂര്യന്റെ നേരെ മുന്നിലൂടെയാണെങ്കില്‍ ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ സൂര്യന്റെ ഒരു ഭാഗം ചന്ദ്രനാല്‍ മറഞ്ഞതായി കാണപ്പെടും. ഇതാണ് സൂര്യഗ്രഹണം. ഇത് എല്ലാ അമാവാസി ദിവസങ്ങളിലും സംഭവിക്കണമെന്നില്ല. ചിലപ്പോള്‍ ചന്ദ്രബിംബം സൂര്യബിംബത്തിന്റെ വടക്കുഭാഗത്തു കൂടെ കടന്നു പോകും. ചിലപ്പോഴൊക്കെ തെക്കുഭാഗത്തു കൂടെ കടന്നു പോകും. ചിലപ്പോള്‍ നേരെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ സൂര്യബിംബം ഭാഗികമായോ പൂര്‍ണമായോ കുറച്ചു നേരത്തേക്കു മറയും. അതാണ് സൂര്യഗ്രഹണം. ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതലവും ഭൂമി സൂര്യനെ ചുറ്റുന്നതലവും തമ്മില്‍ 5 ഡിഗ്രിയുടെ ചെറിയൊരു ചരിവുണ്ട്. അതിനാലാണ് ഇങ്ങനെ ചിലപ്പോള്‍ മാത്രം അമാവാസി നാളുകളില്‍ സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ കാരണം കൊണ്ടു തന്നെയാണ് എല്ലാ പൗര്‍ണമി നാളുകളിലും (വെളുത്ത വാവ്) ചന്ദ്രഗ്രഹണം ഉണ്ടാകാത്തതും.

ഒരു വര്‍ഷം എത്ര സൂര്യഗ്രഹണം വരെയുണ്ടാകാം

സാധാരണഗതിയില്‍ ഒരു കലണ്ടര്‍ വര്‍ഷം രണ്ട് സൂര്യ ഗ്രഹണങ്ങള്‍ ഉണ്ടാകും. 2019 ല്‍ 3 ഗ്രഹണങ്ങളാണ് സംഭവിക്കുക. ജനുവരി ആറിന് ഒരു ഭാഗിക ഗ്രഹണം ഉണ്ടായിരുന്നു. ജൂലൈ രണ്ടിന് ഒരുപൂര്‍ണഗ്രഹണവും നടന്നു. ഇത് കൂടാതെയാണ് ഡിസംബറിലെ ഗ്രഹണം. അപൂര്‍വമായി 5 സൂര്യ ഗ്രഹണങ്ങള്‍ വരെ ഒരുവര്‍ഷം ഉണ്ടാകും. 1935 ല്‍ ഇത് സംഭവിച്ചിട്ടുണ്ട്. 1935 ല്‍ ജനുവരി അഞ്ച് , ഫെബ്രുവരി മൂന്ന് , ജൂണ്‍ 30 , ജൂലൈ 30 , ഡിസംബര്‍ 25 എന്നീ തീയതികളില്‍ സൂര്യഗ്രഹണം നടന്നു. ഇതില്‍ ആദ്യത്തെ 4 എണ്ണം ഭാഗിക ഗ്രഹണങ്ങളും അവസാനത്തേത് വലയ ഗ്രഹണവും ആയിരുന്നു. ഇനി ഇതുപോലെ അഞ്ച് സൂര്യഗ്രഹണങ്ങള്‍ ഉണ്ടാവുക 2206 ലാണ്.

സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാമോ

ഗ്രഹണത്തെക്കുറിച്ച് ശാസ്ത്രീയമായ വിവരങ്ങള്‍ ലഭിക്കുന്നതിനുമുന്‍പുണ്ടായിരുന്ന അബദ്ധധാരണകളിലൊന്നാണ് ഭക്ഷണം കഴിക്കരുതെന്നുള്ളത്. ഗ്രഹണസമയത്ത് സൂര്യനില്‍നിന്ന് പലതരം രശ്മികള്‍ ഭൂമിയിലെത്തും, ഇത് ഭക്ഷണത്തെ വിഷമയമാക്കും, ഗ്രഹണസമയത്ത് പുറത്തിറങ്ങരുത്, കിണര്‍ മൂടിയിടണം, ഗ്രഹണം കഴിഞ്ഞാല്‍ കുളിക്കണം – ഇത്തരം നിരവധി കഥകള്‍ പ്രചാരത്തിലുണ്ടായിരുന്നു. അതൊക്കെ ഗ്രഹണത്തെക്കുറിച്ച് ശാസ്ത്രീയമായ വിവരങ്ങള്‍ ലഭിക്കുന്നതിന മുന്‍പ് ഉണ്ടായിരുന്ന കഥകള്‍ മാത്രമാണ്. ഇതെല്ലാം ആശാസ്ത്രീയമായ ധാരണകള്‍മാത്രമാണ്. അല്പസമയം സൂര്യപ്രകാശം ഭൂമിയിലെ കുറച്ചുപ്രദേശത്ത് (ഗ്രഹണപാതയില്‍) ലഭിക്കില്ല. നല്ല മഴക്കാറുള്ളപ്പോഴും രാത്രിയിലും സൂര്യപ്രകാശമില്ലല്ലോ? അപ്പോഴും നമ്മള്‍ ഭക്ഷണം കഴിക്കാറില്ലേ? ആ സമയത്ത് ഭക്ഷണം കഴിച്ചാലുണ്ടാകുന്നതിനേക്കാള്‍ കൂടുതലൊന്നും പ്രശ്‌നങ്ങള്‍ ഗ്രഹണസമയത്ത് കഴിച്ചാലും ഉണ്ടാകുന്നില്ല. അതുകൊണ്ട് വിശപ്പുണ്ടെങ്കില്‍ നല്ല ഭക്ഷണം ധൈര്യമായി കഴിക്കാം. കഴിക്കാതിരിക്കാന്‍ ന്യായം ഒന്നും കാണുന്നില്ല.

സൂര്യഗ്രഹണ സമയത്ത് സൂര്യനെ നോക്കാമോ

നേരിട്ടു നോക്കരുത്. ഗ്രഹണം ഉണ്ടെങ്കിലും ഇല്ലെങ്കിലും സൂര്യനെ നേരിട്ടു നോക്കരുത്, അതു നല്ലതല്ല. എന്നാല്‍ അതിനായി തയ്യാറാക്കിയിട്ടുള്ള പ്രത്യേക കണ്ണട വെച്ചോ പ്രൊജക്ഷന്‍ രീതികള്‍ ഉപയോഗിച്ചോ സൂര്യനെ കാണാം, തീര്‍ച്ചയായും കാണണം.

ഡിസംബര്‍ 26 ലെ സൂര്യഗ്രഹണം കേരളത്തില്‍ എവിടെയൊക്കെ കാണാന്‍ കഴിയും

കേരളത്തില്‍ എല്ലായിടത്തും കാണാന്‍ കഴിയും. അന്ന് രാവിലെ ഏകദേശം 8 മണി മുതല്‍ 11 മണി വരെയുള്ള സമയത്താണ് ഇതുസംഭവിക്കുക. കേരളത്തില്‍ കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് ഒരു വര സങ്കല്പിച്ചാല്‍ അതിന്റെ വടക്കന്‍ ഭാഗങ്ങളില്‍ വലയസൂര്യഗ്രഹണമായും തെക്കന്‍ ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണമായും കാണാന്‍ കഴിയും. കേരളത്തില്‍ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87-93 ശതമാനം മറയും.

സൂര്യഗ്രഹണം നോക്കാനുള്ള കണ്ണടകള്‍ എന്തുതരം

സൂര്യപ്രകാശത്തിന്റെ 99.99 ശതമാനത്തിലധികം ഭാഗത്തേയും തടയുന്നതരം ഫില്‍ട്ടറുകള്‍ ഉപയോഗിക്കുന്ന പ്രത്യേക കണ്ണടകള്‍ ഇതിനു യോജിച്ചതാണ്. അലൂമിനിയം പൂശിയ പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ ഒന്നിലധികം അടുക്കിവെച്ച് ഉണ്ടാക്കുന്ന ഫില്‍ട്ടറുകള്‍ ലഭ്യമാണ്.

Story highlights- december 26, ring eclipse, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement