നിരന്തര പീഡനം സഹിക്കാനായില്ല; സമ്മാനം നൽകാമെന്നു പറഞ്ഞ് വിളിച്ചു വരുത്തിയ യുവതി കൂട്ടുകാരിയുടെ പിതാവിനെ കൊലപ്പെടുത്തി

നിരന്തര പീഡനം സഹിക്കാനാവാതെ 24കാരിയായ യുവതി കൂട്ടുകാരിയുടെ പിതാവായ 54കാരനെ കൊലപ്പെടുത്തി. പശ ഒഴിച്ച് കണ്ണ് മൂടിയതിനു ശേഷം കഴുത്തുമുറിച്ചാണ് ഇയാളെ യുവതി കൊലപ്പെടുത്തിയത്. പൊലീസ് അറസ്റ്റ് ചെയ്ത യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു.
തിങ്കളാഴ്ച ചെന്നൈയിലായിരുന്നു സംഭവം. യുവതിയെ നിരന്തരമായി ലൈംഗിക പീഡനം നടത്തിയിരുന്ന ഇയാൾ കല്യാണം മുടക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് യുവതി 54കാരനായ ശേഖറിനെ കൊലപ്പെടുത്തിയത്. നാലു വർഷത്തോളമായി ശേഖർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു. യുവതി വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഭീഷണി തുടർക്കഥയായതിനെത്തുടർന്ന് യുവതി ശേഖറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വാഷർമാൻപെട്ടിലെ ക്രോസ് റോഡിൽ നിന്ന് ശേഖറിൻ്റെ മൃതദേഹം കണ്ടെത്തിയ പൊലീസ് അന്വേഷണം തുടങ്ങി. ഒടുവിൽ യുവതിയെ കണ്ടെത്തുകയും ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. നാലു വർഷം തന്നെ തുടർച്ചയായി ഇയാൾ പീഡിപ്പിച്ചുവെന്നും കുടുംബത്തിന് സാമ്പത്തിക സഹായം നൽകുമായിരുന്നതു കൊണ്ടാണ് വിവരം പുറത്തു പറയാതിരുന്നതെന്നും യുവതി മൊഴി നൽകി. കല്യാണ വിവരമറിഞ്ഞ ഇയാൾ അതിൽ നിന്ന് പിന്തിരിയണമെന്ന് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തി.
ഒരു സമ്മാനം നൽകാമെന്നു പറഞ്ഞ് ഇയാളെ അഡയാറിലേക്ക് കൂട്ടിക്കൊണ്ടു പോയ പെൺകുട്ടി കുറച്ചു സമയം ഇയാൾക്കൊപ്പം സമയം ചെലവഴിച്ചു. തുടർന്ന് സമ്മാനം നൽകാനായി കണ്ണടക്കാൻ ആവശ്യപ്പെട്ടു. കണ്ണടച്ചപ്പോൾ കണ്ണിൽ പശ ഒഴിച്ച യുവതി കഴുത്തുമുറിച്ച് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.
Story Highlights: Sexual Harassment, Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here