Advertisement

‘ഇത് മോദിയുടെയും അമിത് ഷായുടെയും ഇന്ത്യ; പ്രതിഷേധിക്കുന്നവരെ തുടച്ചെറിയും’: ഭീഷണിയുമായി ബിജെപി എംഎൽഎ

December 25, 2019
Google News 1 minute Read

ദേശീയ പൗരത്വ രജിസ്റ്ററിനെയും പൗരത്വ നിയമഭേദഗതിയെയും എതിർക്കുന്നവരെ ഒരു മണിക്കൂറിനുള്ളിൽ തുടച്ചെറിയുമെന്ന് ഹരിയാനയിലെ ബിജെപി എംഎൽഎ ലീലാ റാം ഗുര്‍ജാര്‍. ഇന്ത്യ ജവഹര്‍ലാല്‍ നെഹ്റുവിൻ്റേതോ മഹാത്മാഗാന്ധിയുടേതോ അല്ലെന്നും നരേന്ദ്രമോദിയുടേതും അമിത് ഷായുടേതുമാണെന്നും ഗുർജാർ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്നത്തെ ഇന്ത്യ ജവഹർലാൽ നെഹ്റുവിൻ്റേതോ ഗാന്ധിയുടേതോ അല്ല. ഇത് നരേന്ദ്ര മോദിയുടേതും അമിത് ഷായുടേതുമാണ്. ഞങ്ങൾക്ക് ഒരു അടയാളം കിട്ടിയാൽ, ഒരു മണിക്കൂറിനുള്ളിൽ ഇവരെ ഞങ്ങൾ തുടച്ചെറിയും.”- ഗുര്‍ജാര്‍ പറഞ്ഞു. രാജ്യത്തുള്ള മുസ്ലിങ്ങൾക്കെതിരായുള്ള നിയമാണിതെന്ന് മുസ്ലിങ്ങൾ വിചാരിക്കുന്നുവെങ്കിൽ അത് വെറും തെറ്റിദ്ധാരണയാണെന്നും അന്ധികൃതമായി രാജ്യത്തെത്തിയവർ നിർബന്ധമായും പുറത്തു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമത്തിനും എതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. ഇതിൻ്റെ പശ്ചാത്തലത്തിൽ നരേന്ദ്ര മോദിയും അമിത് ഷായും നിലപാട് മയപ്പെടുത്തിയിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററിനെപ്പറ്റി (എൻആർസി) യുള്ള ചർച്ചകൾ നടക്കുന്നില്ലെന്നും ദേശീയ പൗരത്വ രജിസ്റ്റർ ദേശവ്യാപകമല്ലെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹി രാംലീല മൈതാനത്തിൽ വെച്ച് നടത്തിയ പ്രഭാഷണത്തിനിടെയാണ് ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) ഇന്ത്യ മുഴുവൻ നടപ്പാക്കുമെന്ന് തങ്ങൾ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് മോദി അവകാശപ്പെട്ടത്. ദേശീയ പൗരത്വ രജിസ്റ്റർ അസമിലേക്ക് വേണ്ടി മാത്രമുള്ളതാണെന്നും മോദി പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ പിന്തുണച്ചു കൊണ്ടാണ് അമിത് ഷാ നിലപാട് മാറ്റിയത്.

നവംബർ 20ന്, ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെൻ്റിൽ പറഞ്ഞിരുന്നു. അസമിൽ സുപ്രിം കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഇത് നടക്കുന്നതെന്നും ഇത് രാജ്യവ്യാപകമായി നടപ്പിലാക്കുമെന്നും ഷാ പറഞ്ഞിരുന്നു. ഒപ്പം ജാർഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഷാ ഇത് ആവർത്തിച്ചു. ഇത് മറച്ചു വെക്കുന്നതാണ് ഇരുവരുടെയും പ്രസ്താവന.

Story Highlights: BJP, CAA, NRC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here